രാജസ്ഥാനിലെ വിവിധ മേഖലകളില്‍ വീണ്ടും ഇന്റര്‍നെറ്റ് റദ്ദാക്കി

ഉദയ്പൂർ: സാമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ വിവിധ മേഖലകളിൽ വീണ്ടും ഇന്റർനെറ്റ് റദ്ദാക്കി. ജയ്പൂർ, ആൽവാർ, ദൗസ എന്നിവിടങ്ങളിലാണ് 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കിയത്. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് മുൻനിർത്തിയാണ് ഇന്റർനെറ്റ് നിയന്ത്രണം.

ചൊവ്വാഴ്ച ഉണ്ടായ കൊലപാതകത്തിനു പിന്നാലെ പ്രദേശത്തെ കടകളെല്ലാം അടയ്ക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പൊലീസിന്റെ ജാഗ്രതക്കുറവും ഇടയാക്കിയതായി ആരോപണം ഉയർന്നതിനു പിന്നാലെ 32 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഐജിയും ഉദയ്പുർ പൊലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ഒരു സംഘം പിന്തുടരുന്നതായും ഭീഷണിപ്പെടുത്തുന്നതായും ധൻമണ്ഡി പൊലീസ് സ്റ്റേഷനിൽ കനയ്യ ലാൽ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്നു കനയ്യ ലാലിന്റെ ഭാര്യ യശോദ ആരോപിച്ചിരുന്നു.

സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ അയൽവാസിയായ നാസിം നൽകിയ പരാതിയെ തുടർന്ന് ഈ മാസം 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിട്ടയച്ചു. അതിനു ശേഷം 15ന് ആണ് നാസിം ഭീഷണിപ്പെടുത്തുന്നതായും പൊലീസ് സംരക്ഷണം വേണമെന്നും കനയ്യ പരാതിപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നും ചിലർ കട നിരീക്ഷിക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു. നാസിമും മറ്റ് 5 പേരും തന്റെ ഫോട്ടോ ചില ഗ്രൂപ്പുകളിൽ കൈമാറുന്നതായും കടതുറന്നാൽ കൊലപ്പെടുത്തണമെന്ന് അതിൽ പറയുന്നതായും ധൻമണ്ഡി പൊലീസിന് 15ന് നൽകിയ പരാതിയിലുണ്ട്.

ഗെയിം കളിക്കുന്നതിനിടയിൽ മകൻ ആണ് അറിയാതെ വിവാദ പോസ്റ്റ് പങ്കുവച്ചതെന്നും തനിക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് ഇരുവരെയും വിളിച്ച് വിഷയം ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്തത്. കനയ്യ നൽകിയ പരാതി ഗൗരവത്തിലെടുക്കാതിരുന്ന എസ്‌ഐ, എഎസ്‌ഐ എന്നിവരെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടർന്ന് ഭീകരപ്രവർത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് കനയ്യ ലാലിനെ കഴുത്തുറത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ എൻഐഎ ഐജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണു പ്രതികളെ ചോദ്യം ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണു സൂചന. രാജസ്ഥാനിലുടനീളം തിരച്ചിൽ ഊർജിതമാക്കി.

Top