Internet-google-5g-highcpeed

ആളില്ലാ ചെറുവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സ്‌കൈബെന്‍ഡര്‍ പദ്ധതി ന്യൂമെക്‌സിക്കോയിലെ സ്‌പെയ്‌സ് ടെര്‍മിനലില്‍ പരീക്ഷിച്ചു വരികയാണ് ഗൂഗിള്‍. ആളൊഴിഞ്ഞ 15,000 ചതുരശ്ര അടി പ്രദേശത്ത് അതീവരഹസ്യമായി നടത്തിവന്ന ഈ പരീക്ഷണത്തിന്റെ വിവരങ്ങള്‍ അടുത്തിടെ ‘ദ് ഗാര്‍ഡിയന്‍’ പത്രം ചോര്‍ത്തി പുറത്തുവിട്ടു. ബലൂണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് പദ്ധതിയായ ‘ലൂണ്‍’ നടപ്പാക്കുന്ന ഗൂഗിള്‍ ആക്‌സസിനു കീഴില്‍ത്തന്നെയാണ് സ്‌കൈബെന്‍ഡര്‍ പദ്ധതിയും വരിക.

പൈലറ്റില്ലാതെയും പ്രവര്‍ത്തിക്കാനാകുന്ന Centaur Optionally Piloted Aircraft ഉം ഒപ്പം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈറ്റാന്‍ ഡ്രോണുമാണ് പരീക്ഷണത്തില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത്. ഇവയിലുള്ള മില്ലിമീറ്റര്‍ വേവ് റേഡിയോ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി പ്രകാരമായിരിക്കും ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെ വിതരണം. കാഴ്ചയില്‍ വളരെ ചെറുതാണെങ്കിലും ഈ ട്രാന്‍സ്മിറ്ററുകള്‍ പ്രവര്‍ത്തനത്തില്‍ കിടിലങ്ങളാണ്. 4 ജി (എല്‍ടിഇ)സെല്ലുലാര്‍ സാങ്കേതികതയേക്കാള്‍ 40 മടങ്ങ് വേഗം ഉറപ്പ്.

നിലവിലെ തിങ്ങിക്കൂടിയ മൊബൈല്‍ സ്‌പെക്ട്രത്തില്‍ നിന്ന് ‘തിരക്ക്’ അല്‍പം കുറഞ്ഞ പുതിയ സ്‌പെക്ട്രത്തിലേക്ക് മൊബൈല്‍ സിഗ്‌നലുകളെ മാറ്റാന്‍ മില്ലിമീറ്റര്‍ റേഡിയോ തരംഗങ്ങള്‍ക്കാകും. തിങ്ങിക്കൂടിയ (congested) സ്‌പെക്ട്രമാണ് മൊബൈല്‍ സിഗ്‌നലുകളുടെ ശക്തി ക്ഷയിപ്പിച്ച് പല നെറ്റ്കണക്ഷനുകളെയും വെറും വേസ്റ്റാക്കി മാറ്റുന്നത്. തിങ്ങിക്കൂടിയ സ്‌പെക്ട്രവും ഒപ്പം പഴഞ്ചന്‍ കണക്ടിവിറ്റി സംവിധാനങ്ങളുമെല്ലാം മാറ്റി പുതിയതു പരീക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മൊബൈല്‍ കമ്പനികളും കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനൊപ്പമാണ് ഗൂഗിളിന്റെയും ശ്രമം.

Top