ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കും. ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം വാടകയ്ക്ക് നല്‍കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുവാന്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് /തദ്ദേശസ്വയംഭരണം/പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല.’

കേബിളുകള്‍ മുഖേനയോ വയര്‍ലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നല്‍കുവാന്‍ കഴിയാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനമായി വിഎസ്എടി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ ബാറ്ററി പിന്‍ബലമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top