കമ്പ്യൂട്ടര്‍ നിരീക്ഷണം; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കുള്ള വിവരശേഖരണമോ?

വിവരസാങ്കേതിക മേഖലയിലെ വിപ്ലവകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഇന്റര്‍നെറ്റ് യുഗം എന്നത് മാനവരാശിയുടെ ഏറ്റവും ബൃഹത്തായ സമയമാണ്. മാനുഷിക മൂല്യങ്ങളും ജനാധിപത്യമൂല്യങ്ങളും പുതിയ രീതിയില്‍ നിര്‍വ്വചിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും ഇതേ കാലയളവില്‍ തന്നെയാണ്. വെര്‍ച്ച്വല്‍ ജനാധിപത്യം എന്ന വസ്തുത നിര്‍വ്വചിക്കപ്പെടേണ്ടതും അതിനെ കൃത്യമായി വിലയിരുത്തേണ്ടതും വലിയ കാര്യമാണ്. സ്വകാര്യതയെ സംബന്ധിക്കുന്നതാണ് മറ്റൊന്ന്.

അഭിപ്രായവും ആവിഷ്‌ക്കാര സ്വാതന്ത്രവും നിര്‍വ്വചിക്കപ്പെടുന്നതിനൊപ്പം തന്നെ സ്വകാര്യതാ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. സ്വകാര്യത സംരക്ഷണത്തിന് വേണ്ടി ഇനിയും വലിയ തോതില്‍ സംസാരിക്കുകയും തെരുവില്‍ യുദ്ധം ചെയ്യുകയും ആവശ്യമായി വരുന്നത് കഷ്ടമാണ്. വ്യക്തി സ്വാതന്ത്രത്തെ കണ്ടില്ലെന്ന് നടിക്കാനും കയറിട്ട് ബന്ധിക്കാനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണകൂടത്തിന് കഴിയുന്നു എങ്കില്‍ അത് വലിയ അപകടമാണ്.

പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കമ്പ്യൂട്ടറുകളെല്ലാം നിരീക്ഷിച്ച് കളയാം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ പ്രഖ്യാപനം ഉണ്ടാക്കാന്‍ പോകുന്ന പ്രതിഷേധങ്ങളെപ്പോലും സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല എന്ന് പറയുന്നത് ദുരന്തമാണ്.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി പത്ത് ഏജന്‍സികള്‍ക്ക് യഥേഷ്ടം രാജ്യത്തെ ഓരോ കമ്പ്യൂട്ടറിലെയും വിവരങ്ങളില്‍ ഒളിഞ്ഞു നോക്കാം എന്നത് എന്ത് ജനാധിപത്യ മര്യാദയാണ്?

മുന്‍പ് ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായാലോ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമായിരുന്നു കംപ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

രാജ്യ സുരക്ഷയാണ് ഇതിലെ പ്രധാനപ്പെട്ട പ്രശ്‌നം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അതായത്, സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സാരം. എത്ര മനോഹരമായ വിശദീകരണം. ഇതില്‍ കൂടുതല്‍ ബിജെപിയ്ക്ക് പറയാനില്ല എന്നതാണ് പ്രശ്‌നം. അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചു എന്ന വിവാദത്തില്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിന് നഷ്ടപ്പെട്ടത് കുറേ ഡോളറുകള്‍ മാത്രമല്ല, ലോകം മുഴുവനുമുള്ള വിശ്വാസ്യത കൂടിയാണ്. ഇത് ഇന്ത്യയില്‍ ആവര്‍ത്തിക്കാനാണോ പരിപാടി എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

2009ല്‍ യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആവര്‍ത്തിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍, അത് തെറ്റാണെങ്കില്‍ അതിനെ തിരുത്താനുള്ള ബാധ്യത എന്‍ഡിഎയ്ക്കില്ലേ എന്നും ചോദിക്കാവുന്നതാണ്. അപ്പോള്‍ എടുത്ത തീരുമാനത്തെ മറ്റൊരാളുടെ മോല്‍ കെട്ടിവച്ച് നാടകം കളിക്കുന്നത് എന്തിനാണ്?

ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനാണ് കമ്പ്യൂട്ടര്‍ ചോര്‍ത്തുന്നതെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിട്ടുണ്ട്.

രാജ്യ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമായ അടിയന്തരാവസ്ഥ പിറവിയെടുത്തത്. ഇപ്പോഴത്തെ ഉത്തരവും പുതിയ കാലത്തിലെ അടിയന്തരാവസ്ഥ തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പള്‍സറിയാന്‍, ജനങ്ങളുടെ ചിന്താധാരകളുടെ ഗതി മനസ്സിലാക്കി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ബിജെപി ഈ വിവര ശേഖരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പോലുള്ള തീരുമാനമായിപ്പോകും.

hackers

ചൈനയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതും, ഓര്‍വെല്ലിന്റെ പുസ്തകങ്ങള്‍ നിരോധിക്കുന്നതും, രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നത്തെ തലമുറയില്‍ നിന്നും മറച്ചു വയ്ക്കുന്നതും ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതിന് സമാനമായ ഏകാധിപത്യ പ്രവണതയായിരുന്നു. ഇന്ത്യന്‍ ജനതയും തങ്ങളുടെ ബുദ്ധിയെ വരെ ചിലരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിട്ടു കൊടുക്കുന്നത് കണ്ടു നില്‍ക്കാനാകില്ല.

ലോകം നിയന്ത്രിക്കാന്‍ ചില ശക്തികള്‍ ഗൂഢാലോചന നടത്തുകയാണെങ്കില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യന്‍ പൗരത്വത്തിന്റെ കടമയാണ്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top