ഉത്തര്‍പ്രദേശില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കും; 500 കോടി രൂപയുടെ പദ്ധതി

ഉത്തര്‍പ്രദേശ്: സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഗ്രീന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സ്‌കീമിന് (അര്‍ബന്‍) 500 കോടി രൂപയും, നഗരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക, പുരാണ, മത, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമുള്ള ‘ വന്ദന്‍ യോജന’ പദ്ധതിക്ക് തല്‍ക്കാലം 50 കോടി രൂപയുമാണ് അനുവദിച്ചത്.

ഇതിനുള്ള ഫണ്ട് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് വന്ദന്‍ പദ്ധതിക്ക് തല്‍ക്കാലം 50 കോടി അനുവദിച്ചത്. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഉത്തര്‍പ്രദേശിലെ വര്‍ദ്ധിച്ചുവരുന്ന നഗരവല്‍ക്കരണം മൂലം റോഡുകളിലെ അധിക വാഹനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും ഗതാഗത സൗകര്യം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും 10 മുതല്‍ 45 മീറ്റര്‍ വരെയുള്ള എല്ലാ റോഡുകളും അത്യാധുനിക റോഡുകളായി വികസിപ്പിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ 200 മുനിസിപ്പാലിറ്റികളിലെയും 545 നഗരപഞ്ചായത്തുകളിലെയും റോഡുകള്‍ ഉള്‍പ്പെടുത്തും. നാഗരിക സ്ഥാപനങ്ങളുടെ റോഡുകള്‍ വികസിപ്പിക്കുന്നതിനും ധനസഹായം നല്‍കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ അര്‍ബന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഏജന്‍സി സ്ഥാപിക്കും. യുആര്‍ഡിഐയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. ഇതിന്റെ പ്രവര്‍ത്തനം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും നിരീക്ഷിക്കും.

Top