ഗുസ്തി താരങ്ങളുടെ സമരം: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇടപെട്ട് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തും. മെഡലുകള്‍ ഗംഗയിലെറഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങള്‍ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇടപെടല്‍.

അതേസമയം ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഖാപ് പഞ്ചായത്ത് ചേരുമെന്നാണ് വിവരം. ഇന്നലെ മെഡലുകള്‍ ഗംഗയില്‍ എറിയാന്‍ തയ്യാറായ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ എത്തിയാണ് അനുനയിപ്പിച്ചത്. 5 ദിവസത്തിനകം അറസ്റ്റ് നടന്നില്ലെങ്കില്‍ ഇതേ പ്രതിഷേധ മാര്‍ഗവുമായി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തിതാരങ്ങള്‍ മടങ്ങിയത്.

ഇന്ത്യന്‍ കായിക ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ചൊവ്വാഴ്ച ഹരിദ്വാര്‍ സാക്ഷിയായത്. ഇരുപത്തിയെട്ടാം തീയ്യതിയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരവേദി പൂര്‍ണമായും പൊളിച്ചു നീക്കിയതോടെയാണ് നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. നീതി ലഭിക്കാത്തതിനാല്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങള്‍ തീരുമാനവുമായി മുന്നോട്ട് പോയതോടെ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ഗംഗാ തീരം സാക്ഷ്യം വഹിച്ചത്. ഗംഗയുടെ അത്ര തന്നെ പരിശുദ്ധിയുണ്ട് അധ്വാനിച്ചു നേടിയ മെഡലുകള്‍ക്ക്. അത് ഗംഗയില്‍ ഒഴുകി കഴിഞ്ഞാല്‍ നഷ്ടപ്പെടുന്നത് സ്വന്തം ആത്മാവും ജീവനും തന്നെയാണെന്നും താരങ്ങള്‍ പറഞ്ഞു. മെഡലുകള്‍ ഒഴുക്കിയ ശേഷം രക്തസാക്ഷികളുടെ ഓര്‍മ്മകളുള്ള ഇന്ത്യാ ഗേറ്റില്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം. ഒളിമ്പിക്‌സ് അടക്കം അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടിയ മെഡലുകളുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് താരങ്ങള്‍ ഹരിദ്വാറിലെത്തിയത്. പിന്നെ ഒന്നര മണിക്കൂര്‍ ഗംഗാതീരത്ത് അവര്‍ കുത്തിയിരുന്നു. ഒടുവില്‍ മെഡലുകള്‍ ഒഴുക്കരുതെന്ന കര്‍ഷക നേതാവ് നരേഷ് ടിക്കായത്തടക്കമുള്ളവരുടെ അഭ്യര്‍ത്ഥനക്ക് താരങ്ങള്‍ വഴങ്ങുകയായിരുന്നു.

Top