ഒപെക് പ്ലസ് രാജ്യങ്ങള്‍ പിന്മാറി; അന്താരാഷ്ട്ര എണ്ണ വില കുതിച്ചയരുന്നു

ദോഹ: ആഗോള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനിടെ വിതരണം ഉയര്‍ത്താനുള്ള പദ്ധതികളില്‍ നിന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്ന് ക്രൂഡ് നിരക്ക് കുതിച്ചുയര്‍ന്നു. 2014 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് യുഎസ് ക്രൂഡ് എത്തി.

ബ്രെന്റ് ക്രൂഡ് 62 സെന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് ബാരലിന് 77.78 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 1.75 ഡോളര്‍ അഥവാ 2.3 ശതമാനം ഉയര്‍ന്ന് 76.91 ഡോളറിലെത്തി. ഇത് 2014 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ക്രൂഡ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും മറ്റുള്ള ഉല്‍പ്പാദകരും ചേര്‍ന്ന ഒപെക് പ്ലസ് കൂട്ടായ്മയിലെ മന്ത്രിമാര്‍ക്കിടയില്‍ നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ഉല്‍പാദന വര്‍ദ്ധനവിനൊപ്പം പോകുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വ്യക്തമാക്കി. 2022 അവസാനം വരെ നിയന്ത്രണങ്ങള്‍ നീട്ടാനുള്ള പ്രത്യേക നിര്‍ദ്ദേശം യുഎഇ നിരസിച്ചതിനെത്തുടര്‍ന്ന് കരാറിലേക്ക് എത്താതെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ഒപെക് പ്ലസ് ഈ മാസം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ഓഗസ്റ്റ് മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് പരി?ഗണനയ്ക്ക് എത്തുമെന്നും ചില ഒപെക് പ്ലസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപെക് പ്ലസ് ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് പരിഹാരത്തിനായി ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.

എണ്ണവില നിലവിലെ നിലവാരത്തേക്കാള്‍ ഉയരുന്നത് കാണാന്‍ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും 10 ദിവസത്തിനുള്ളില്‍ പുതിയ ഒപെക് പ്ലസ് മീറ്റിംഗിന് തീയതി നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാഖ് എണ്ണ മന്ത്രി ഇഹ്‌സാന്‍ അബ്ദുല്‍ ജബ്ബാര്‍ തിങ്കളാഴ്ച പറഞ്ഞു.

 

Top