ചൈന- 3,245, ഇറ്റലി- 3,405; കൊറോണയില്‍ ചൈനയെ കടത്തിവെട്ടി ഇറ്റലി

മിലാന്‍: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന ഇപ്പോള്‍ സാധാരണ നിലയില്‍ എത്തിയെങ്കിലും മറ്റു ലോക രാഷ്ട്രങ്ങളാണ് ഈ വിപത്ത് ഇപ്പോള്‍ അനുഭവിക്കുന്നത്. ചൈനയുടെ അതിര്‍ത്തി ഭേദിച്ച് വൈറസ് പടര്‍ന്നപ്പോള്‍ ചൈനയേക്കാള്‍ നഷ്ടം ഇറ്റലിക്കാണ് ഉണ്ടായത്. വ്യാഴാഴ്ച പുതുതായി 427 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ ആകെ മരണനിരക്ക് 3,405 ആയി ഉയര്‍ന്നു. എന്നാല്‍ ചൈനയിലാകട്ടെ 3245 പേരാണ് മരണപ്പെട്ടത്.

ചൈനയില്‍ 81154 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചെങ്കിലും 71,150 പേര്‍ രോഗ മുക്തരായി. എന്നാല്‍ ഇറ്റലിയിലാകട്ടെ 41035 പേര്‍ക്കാണ് വ്യാഴാഴ്ച വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4440 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ചൈന ചെയ്തത് പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇറ്റലിയും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇറ്റലിയില്‍ കൊറോണ കേസുകളില്‍ കുറവില്ലെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ച്ച് 12 മുതല്‍ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ് ഇറ്റലി. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ഇറ്റലിക്ക് പിന്നാലെ ഇറാനും കനത്ത നാശത്തിന്റെ വക്കിലാണുള്ളത്. കൊറോണ മൂലം ആഗോളതലത്തില്‍ ഇതുവരെ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

Top