കൊറോണ; ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിനുള്ള ഇ-വിസകള്‍ റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിനുള്ള ഇ-വിസകള്‍ താത്കാലികമായി റദ്ദാക്കി. ചൈനയിലെ ഇന്ത്യന്‍ എംബസിയുടേതാണ് തീരുമാനം.

ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന മറ്റ് വിദേശരാജ്യക്കാര്‍ക്കും ഇത് ബാധകമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ചൈനക്കാര്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള വിസകള്‍ റദ്ദാക്കിതായും ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസകള്‍ക്ക് ഇന്നുമുതല്‍ സാധുതയില്ലെന്നും അറിയിച്ചിട്ടുണ്ട്.

അതിനാല്‍ നേരത്തെ വിസ ലഭിച്ചവര്‍ക്ക് ഇതുപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത സാഹചര്യം ഉള്ളവര്‍, ബീജിംഗിലെ ഇന്ത്യന്‍ എംബസിയെയോ, ഇന്ത്യന്‍ കോണ്‍സുലേറ്റുകളെയോ, ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളെയോ സമീപിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇന്ത്യന്‍ എംബസി ഇ-വിസകള്‍ താത്കാലികമായി റദ്ദാക്കിയത്.

Top