ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ് നിര്‍മ്മിച്ച് തെളിയിക്കാന്‍ ശ്രമിച്ച മാഡ് മൈക്കിന് മരണം

കാലിഫോര്‍ണിയ: ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവിന് ശ്രമിച്ച ശാസ്ത്രജ്ഞന് ദാരുണാന്ത്യം. ഭൂമി ഉരുണ്ടതല്ല, പരന്നതാണെന്ന് തെളിയിക്കാനായിരുന്നു ‘മാഡ് മൈക്ക്'(ഭ്രാന്തന്‍ മൈക്ക്) എന്ന് അറിയപ്പെടുന്ന ഹ്യൂഗസ് ശ്രമിച്ചത്. എന്നാല്‍ പരീക്ഷണം നടത്തുന്നതിനിടെ സ്വയം നിര്‍മ്മിച്ച റോക്കറ്റ് തകര്‍ന്ന് വീഴുകയായിരുന്നു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡിസ്‌കവറി ചാനലിന്റെ ഭാഗമായ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ഭൂമി ഉരുണ്ടതല്ലെന്നും തളികയുടെ ആകൃതിയിലാണെന്നും തെളിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇയാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി പല കമ്പനികളുടേയും സ്‌പോണ്‍സര്‍ഷിപ്പില്‍ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു റോക്കറ്റ് നിര്‍മ്മിച്ചത്.

എന്നാല്‍ ഭൂമിയുടെ ആകൃതിയില്‍ അദ്ദേഹത്തിന് സംശയമുള്ളതായി തോന്നിയിട്ടില്ലെന്നും തന്റെ റോക്കറ്റ് വിക്ഷേപണത്തിന്റെ പ്രചരണത്തിനായിരിക്കാം ഹ്യൂഗസ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ഹ്യൂഗസിന്റെ വക്താവ് ഡാരെന്‍ ഷസ്റ്റര്‍ പറഞ്ഞു. ”അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നതായി ഞാന്‍ കരുതുന്നില്ല. എല്ലാം ജനങ്ങളിലേക്കെത്താന്‍ വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു” – ഡാരെന്‍ ഷസ്റ്റര്‍ വ്യക്തമാക്കി.

വിക്ഷേപണം നടത്തിയ ബാര്‍‌സ്റ്റോയില്‍ നിന്ന് മീറ്ററുകള്‍ ദൂരെയാണ് റോക്കറ്റ് തകര്‍ന്നുവീണത്. ജീവിതത്തില്‍ പലതും ചെയ്ത് കാണിക്കാനാകുമെന്ന പാഠം നല്‍കുകയായിരുന്നു ഹ്യൂഗസിന്റെ ലക്ഷ്യമെന്നും വക്താവ് പറഞ്ഞു.

Top