അവസാന നിമിഷം ഡോക്ടറുടെ കണ്ണിലും കണ്ടു ഭയം, ചിരിച്ചുകൊണ്ട് കൈനീട്ടി ടെക്കി..

ജെന്നിഫര്‍ ഹലെര്‍ എന്ന 43 കാരിയാണ് ഇന്ന് ലോകത്തിന്റെ കവചം. സോഷ്യല്‍ മീഡിയയില്‍ ജെന്നിഫര്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ലോകം തന്നെ അവര്‍ക്ക് മുന്നില്‍ കൈകള്‍ കൂപ്പി നന്ദി പറയുകയാണ്. ഒരമ്മയായ ജെന്നിഫര്‍ ലോകത്തിന് വേണ്ടി തന്റെ ശരീരം ഒരു പരീക്ഷണവസ്തുവാക്കി മാറ്റുകയായിരുന്നു.

തനിക്ക് വൈറസ് ബാധിച്ചാല്‍ അത് മറ്റുള്ളവര്‍ക്കും വരട്ടെ എന്ന മനോഭാവമാണ് ഇന്ന് പലര്‍ക്കും ഉള്ളത്. അങ്ങനെയിരിക്കെ ജെന്നിഫര്‍ എന്തിന് ഈ സാഹസം കാണിച്ചു എന്നാണ് പലരുടേയും ചോദ്യം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം നിഷ്‌കളങ്കമായി ചിരിച്ചു കൊണ്ട് ജെന്നിഫര്‍ മറുപടി പറഞ്ഞു ഇങ്ങനെ..

”ഞാന്‍ എന്തും നേരിടാന്‍ തയ്യാറാണ്….!”

നന്മ ചെയ്യാനുള്ള മഹത്തായ ഒരവസരമായിട്ടാണ് ഇതിനെ കാണുന്നത്.ചുറ്റിലും മരിച്ചുവീഴുന്ന മനുഷ്യരെക്കുറിച്ച് മാത്രമാണ് ചിന്തകള്‍.

കൂടാതെ ‘ഞാന്‍ സുഖപ്പെടുമെന്ന് എനിക്കുറപ്പുണ്ട്, അതുപോലെ കുടുംബവും. വീട്ടുകാരെ രക്ഷിക്കാനുള്ള സംവിധാനം രാജ്യത്തുണ്ട്. എനിക്കും കുടുംബത്തിനും ലഭിക്കുന്ന പ്രത്യേകാനുകൂല്യം ബാക്കിയുള്ള അമേരിക്കക്കാര്‍ക്കു കിട്ടുന്നില്ലെന്നതിലാണ് ആശങ്ക. കഴിഞ്ഞ വ്യാഴാഴ്ച സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാനും 250 ഡോളറിനു സാധനങ്ങള്‍ വാങ്ങാനും എനിക്കു സാധിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ള അവശ്യസാധനങ്ങള്‍ ഇപ്പോള്‍ കയ്യിലുണ്ട്. പക്ഷേ, ഒരുപാട് ജനങ്ങള്‍ക്ക് ഇങ്ങനെ സാധിക്കണമെന്നില്ല. ആളുകള്‍ക്കു ജോലി നഷ്ടപ്പെടുന്നു, പ്രത്യേകിച്ചും റസ്റ്ററന്റുകളിലും കലാരംഗത്തും ഉള്ളവര്‍ക്ക്. ആളുകള്‍ക്കുണ്ടാകുന്ന ശാരീരിക ആഘാതത്തിനൊപ്പം കൊവിഡുണ്ടാക്കുന്ന മാനസിക ആഘാതവും എന്നെ വലയ്ക്കുന്നു.’ ജെന്നിഫര്‍ പറഞ്ഞു.

കൊറോണ വൈറസിനെ ചെറുക്കാന്‍ അമേരിക്ക ഒരു വാക്സിന്‍ കണ്ടുപിടിച്ചിട്ടുണ്ട്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ജെന്നിഫറാണ്. വലിയൊരു റിസ്‌കാണ് ആയുവതി എടുത്തിരിക്കുന്നത്. എന്നാല്‍ വാക്സിന്‍ സുരക്ഷിതമാണെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടില്ല. 14 മാസത്തേയ്ക്ക് ജെന്നിഫര്‍ നിരീക്ഷണത്തിലായിരിക്കും. അവര്‍ക്ക് ഉയര്‍ന്ന ഡോസാണ് നല്‍കിയിട്ടുള്ളത്.

ജെന്നിഫറിന് വൈറസ് ബാധയില്ല. സ്വമേധയാ മരുന്നുപരീക്ഷണത്തിന് തയാറാവുകയായിരുന്നു ഈ ടെക്കി.

വാക്‌സിന്‍ തയ്യാറായപ്പോള്‍ തന്നെ വളന്റിയര്‍മാരെ തേടിയുള്ള പരസ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പരസ്യം ജെന്നിഫറിന്റെ ഫെയ്‌സ് ബുക്കിലെ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്കു സഹായകമാവുന്ന എന്തെങ്കിലും ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു ഈ യുവതി. പരസ്യം കണ്ടതും അതിന്റെ പരിണിത ഫലത്തെ കുറിച്ചൊന്നും അവര്‍ ചിന്തിച്ചിരുന്നില്ല. സര്‍വേ പെട്ടെന്നു പൂരിപ്പിച്ചു. പിറ്റേന്ന് അധികൃതര്‍ ഫോണില്‍ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ തിരക്കി. ആദ്യഘട്ടം കടന്നതോടെ കായികക്ഷമത, രക്ത പരിശോധന തുടങ്ങിയവയ്ക്കായി നേരിട്ടെത്താന്‍ പറഞ്ഞു. അതിലെല്ലാം കുഴപ്പമില്ലായിരുന്നതോടെ ജെന്നിഫറിനെ പരീക്ഷണത്തിന് തെരഞ്ഞെടുത്തു.

എന്നാല്‍, ആറാഴ്ചയോളം നീളുന്ന പരീക്ഷണമാണിത്. യുവതിയുടെ ശരീര താപനില, മറ്റു ലക്ഷണങ്ങള്‍ എന്നിവ കൃത്യമായി രണ്ടാഴ്ച സമയാസമയങ്ങളില്‍ രേഖപ്പെടുത്തും. ജെന്നിഫര്‍ നിലവില്‍ വീട്ടിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ ഫോണില്‍ വിവരങ്ങള്‍ തിരക്കു. മാത്രമല്ല ആദ്യ വാക്‌സിന്‍ കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോള്‍ രക്തം പരിശോധിക്കും. പരിശോധനകള്‍ തൃപ്തികരമാണെങ്കില്‍ നാലാഴ്ചയ്ക്കു ശേഷം രണ്ടാംഘട്ടം വാക്‌സിന്‍ പരീക്ഷിക്കും.

എന്നാല്‍, ഇവര്‍ എങ്ങനെ ലോകര്‍ക്ക് പ്രിയപ്പെട്ടവളായി എന്നത് അറിയാമോ..

തന്റെ ശരീരം പരീക്ഷിക്കാന്‍ നല്‍കിയപ്പോള്‍ അവര്‍ യുവതിയോട് പണം ഓഫര്‍ ചെയ്തു. എന്നാല്‍ ചിരിച്ചുകൊണ്ട് ജെന്നിഫര്‍ പറഞ്ഞു. ‘നിങ്ങള്‍ക്കറിയാമല്ലോ, പണത്തിനു വേണ്ടിയാണു ഞാനിങ്ങനെ ചെയ്യുന്നതെങ്കില്‍ ഈ തുകയൊന്നും മതിയാകില്ല. അതൊരു പ്രോത്സാഹനം മാത്രമാണ്. പണമല്ല എന്നെ ഇതു ചെയ്യാന്‍ പ്രേരിപ്പിച്ചത്’.

അതേസമയം, യുഎസിലെ തന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്കു കൊവിഡ് പിടിപെട്ടതായി അറിയുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.

എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തിനു തയാറായതില്‍ പല കൂട്ടുകാരും ജെന്നിഫറിനെ വിളിച്ച് ആശങ്കയറിയിച്ചിരുന്നു. എന്നാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും
നല്ലതുമാത്രമെ സംഭവിക്കൂവെന്നാണ് വിശ്വാസമെന്നും ജെന്നിഫര്‍ അവരോട് വാദിച്ചു. അതേസമയം, തനിക്കു പേടിയില്ലെന്നും പക്ഷേ കൊവിഡ് പടരാതിരിക്കാന്‍ സുഹൃത്തുക്കള്‍ കുറച്ചധികം പേടിക്കണം, ജാഗ്രത കാണിക്കണമെന്നും താനിപ്പോള്‍ സന്തോഷത്തിലാണെന്നും യുവതി വ്യക്തമാക്കി.

തന്റെ സുഹൃത്തുക്കളും ഒപ്പം ഡോക്ടര്‍മാരും ആശങ്ക അറിയിച്ചപ്പോള്‍ ചിരിച്ചു നിന്ന ജെന്നിഫര്‍ തന്റെ വാക്‌സിന്‍ അനുഭവം തുറന്ന് പറയുന്നു.

‘വാക്‌സിന്‍ ഷോട്ട് വേദനാരഹിതമായിരുന്നു, പനിക്കു കുത്തിവയ്ക്കുന്ന പോലെ. കൈയ്ക്കു ചെറിയൊരു വേദനയുണ്ടെങ്കിലും സാരമില്ല, ഇതു സാധാരണമാണ്.’

നമുക്കറിയാം ഈ ലോകത്തിന്റെ എല്ലാ കോണുകളിലും ജെന്നിഫര്‍മാരുണ്ട്. പല രൂപങ്ങളിലും പല ഭാവങ്ങളിലും. വൈറസ് കലി തുള്ളി താണ്ഡവമാടുമ്പോള്‍ ജെന്നിഫര്‍മാര്‍ നമുക്ക് ചുറ്റും കവചം തീര്‍ക്കുന്നു. ജെന്നിഫര്‍ ഒരു പാഠമാണ്. കണ്ടുപഠിക്കേണ്ട പാഠം..

Top