കൊറോണ; ഇന്ത്യക്കാര്‍ ഭയക്കേണ്ട, പക്ഷെ മുന്‍കരുതലുകള്‍ എടുക്കണം:ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യക്കാര്‍ ഭയക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യ വിട്ട് പുറത്ത് പോയി തിരികെ എത്തിയവരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെയുള്ളവര്‍ക്ക് രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് ലാകാരോഗ്യ സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്‌റിന്‍ പറയുന്നത്.

ഇന്ത്യയിലുള്ളവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അടിസ്ഥാന ശുചിത്വം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തരം വൈറസ് ആയതിനാല്‍ അതിന്റെ വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിവരുകയാണെന്നും ആഗോളതലത്തില്‍ തന്നെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നത്തുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

‘ഇട വിട്ട് കൈകള്‍ ശുചിയാക്കുന്നതും തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ മുഖം മൂടുന്നതും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാല്‍ ഉടനടി ചികിത്സ തേടുന്നതുമാണ് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുക’ – ഡോ. റോഡ്രികോ പറയുന്നു. മാത്രമല്ല, യുവജനതയ്ക്കും പ്രായമായവര്‍ക്കുമാണ് വൈറസ് പെട്ടന്ന് പടര്‍ന്നുപിടിക്കുന്നത്. ഈ പ്രായ പരിധിയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ. റോഡ്രികോ പറയുന്നു.

അതേസമയം, കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാന്‍ കാരണമാകുന്നുവെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം നല്‍കിയിരുന്നു. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ കഴിവതും കറന്‍സി നോട്ടുകള്‍ ഒഴിവാക്കി ബദല്‍ സംവിധാനം തെരഞ്ഞെടുക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Top