കൊറോണ; ഡയമണ്ട് പ്രിന്‍സസിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ടോക്കിയോ: കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാപ്പനീസ് ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ
നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. ആയിരത്തോളം യാത്രക്കാരും ജീവനക്കാരും ഇപ്പോഴും കപ്പലില്‍ തുടരുകയാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി പറഞ്ഞു.

ഈ മാസം മൂന്നിനാണ് ജപ്പാന്‍ തീരത്ത് കപ്പല്‍ പിടിച്ചിട്ടത്. കഴിഞ്ഞ ദിവസം കപ്പലിലെ രണ്ട് യാത്രക്കാര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 138 ജീവനക്കാരില്‍ 132ഉം ഇന്ത്യക്കാരാണ്. ആറ് ഇന്ത്യന്‍ യാത്രികരുമുണ്ട്. ഓസ്‌ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്ന് ക്വാറന്റ്റൈന്‍ സംവിധാനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, ഫെബ്രുവരി 12ന് മാത്രം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ 15,152 ആയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഈ രീതി സര്‍ക്കാര്‍ മാറ്റി. ക്ലിനിക്കല്‍ രീതിയില്‍ സ്ഥിരീകരിക്കുന്ന കേസുകള്‍ സ്ഥിരീകരിച്ചവയുടെ കണക്കില്‍ നിന്നും നീക്കി. ലാബ് ടെസ്റ്റില്‍ പോസിറ്റീവാണെങ്കില്‍ മാത്രമാണ് ഔദ്യോഗിക കണക്കില്‍ രോഗിയായി ഇനി കണക്കാക്കുക. മറ്റുള്ള കേസുകള്‍ സംശയാസ്പദം എന്ന പട്ടികയായി മാറ്റിനിര്‍ത്തും.

ഇതോടെ കേസുകള്‍ കുതിച്ചുയര്‍ന്ന അവസ്ഥ മാറുമെന്ന് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചു. ലാബ് ടെസ്റ്റില്‍ പോസിറ്റീവ് ആയി കാണുന്നവരെ മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തുക. ടെസ്റ്റുകള്‍ നടത്താന്‍ ശേഷി വര്‍ദ്ധിപ്പിച്ചതോടെയാണ് ചൈന ഈ രീതിയിലേക്ക് മാറുന്നതെന്ന് ഹുബെയ് അധികൃതര്‍ വ്യക്തമാക്കുന്നു.

Top