ലോകത്ത് കഴിഞ്ഞ വർഷം നാലിരട്ടി തൊഴിൽ നഷ്ടമുണ്ടായതായി റിപ്പോർട്ട്

labours

ലോകത്ത് കൊറോണ പകർച്ചവ്യാധി മൂലം കഴിഞ്ഞ വർഷം തൊഴിൽ നഷ്ടപെട്ടവരുടെ എണ്ണം വൻ തോതിൽ ഉയർന്നതായി റിപ്പോർട്ട്. 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് ഉണ്ടായതിനെക്കാൾ നാലിരട്ടി തൊഴിൽ നഷ്ടമുണ്ടായതായാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ബിസിനസുകൾക്കും പൊതുജീവിതത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള എല്ലാ പ്രവൃത്തി സമയങ്ങളുടെയും 8.8 ശതമാനം നഷ്ടപ്പെട്ടതായാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന കണക്കാക്കുന്നത്.

255 ദശലക്ഷം മുഴുവൻ സമയ ജോലികൾക്ക് തുല്യമായ നഷ്ടമാണിത്. ഒരു പതിറ്റാണ്ട് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാലിരട്ടി ആഘാതമാണ് കൊവിഡ് -19 സൃഷ്ടിച്ചത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം, തൊഴിൽ ലോകത്തെ സംബന്ധിച്ചിടത്തോളമുളള ഏറ്റവും കടുത്ത പ്രതിസന്ധിയാണിത്.

കുറഞ്ഞ ജോലി സമയവും അഭൂതപൂർവമായ തൊഴിൽ നഷ്ടവും അടിസ്ഥാനമാക്കി ഈ വീഴ്ച ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടതായി ഐഎൽഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു. കൂടുതൽ പ്രതിസന്ധിയിലായത് സ്ത്രീകളും ചെറുപ്പക്കാരുമാണെന്നും ജോലി നഷ്‍ടപ്പെട്ട ഭൂരിഭാഗം ആളുകളും പുതിയ ജോലി തേടുന്നത് പൂർണ്ണമായും നിർത്തിയതായും ഐക്യരാഷ്ട്ര ഏജൻസി അഭിപ്രായപ്പെട്ടു.

റെസ്റ്റോറന്റുകൾ, ബാറുകൾ, സ്റ്റോറുകൾ, ഹോട്ടലുകൾ, നേരിട്ടുളള ഇടപെടലുകളെ ആശ്രയിക്കുന്ന മറ്റ് സേവനങ്ങൾ തുടങ്ങി വലിയതോതിൽ തൊഴിലുകൾ സംഭാവന ചെയ്യുന്ന ബിസിനസുകൾ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അപകടകരമായി സാഹചര്യത്തെ നേരിട്ടു. ജോലിയുടെ ഇടിവ് ആഗോളതലത്തിൽ 3.7 ട്രില്യൺ യുഎസ് ഡോളർ വരുമാനം നഷ്‍ടപ്പെടുത്തുന്നു. റൈഡർ ഇതിനെ “അസാധാരണമായ കണക്ക്” എന്നാണ് വിശേഷിപ്പിച്ചത്.

ഈ വർഷം രണ്ടാം പകുതിയോടെ തൊഴിൽ വിപണി തിരിച്ചുവരവ് നടത്തുമെന്നാണ് ഐഎൽഒ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് കൊറോണ വൈറസ് അണുബാധ കുറയുന്നതിനും വാക്സിൻ വിതരണത്തിന്റെ വിജയത്തെയും ആശ്രയിച്ചിരിക്കുന്നു.

Top