രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.

യാത്രാ നിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

Top