അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടത്തും; സജി ചെറിയാന്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വര്‍ഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും സിനിമയുടെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് അസാധാരണ സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ഒടിടി സംവിധാനം കൊണ്ടു വരാന്‍ തീരുമാനിച്ചത്. സിനിമകള്‍ തീയേറ്ററുകളില്‍ തന്നെ വരണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. താത്കാലികമായ ആശ്വാസം കലാകാരന്‍മാര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

എല്ലാ തീയേറ്ററുകളും നവീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തുടക്കമെന്ന നിലയില്‍ സര്‍ക്കാര്‍ തീയറ്ററുകള്‍ എല്ലാം ആധുനീകരിക്കും. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ സിനിമാ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമാ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Top