ചലച്ചിത്രമേളയില്‍ ഇന്ന് കപ്പേളയും ജയറാം നായകനായ നമോയും പ്രദർശനത്തിനെത്തും

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത മലയാള ചിത്രം കപ്പേള ഇന്ന് പ്രദർശിപ്പിക്കും. 2020 ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ അന്നബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജേഷ് മണി സംവിധാനം ചെയ്ത്, ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സംസ്‌കൃത ചിത്രം നമോയും ഇന്ന് പ്രദർശനത്തിനെത്തും. ശശാങ്ക് ഉദാപുര്‍കറിന്റെ പ്രവാസ്, സിദ്ധാര്‍ഥ് ത്രിപതിയുടെ എ ഡോഗ് ആന്റ് ഹിസ്മാന്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തിലെ ഇന്നത്തെ ചിത്രങ്ങള്‍. ഈ വിഭാഗത്തിൽ ഗണേഷ് വിനായകന്റെ തേന്‍, ശുഭജിത്ത് മിത്രയുടെ അവിജത്രിക്, ദുര്‍ബാ സാഹെയുടെ ആവര്‍ത്തന്‍ എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയിരുന്നു.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ രാമിന്‍ റസൗലിയുടെ ഇറാനിയന്‍ ചിത്രം ദ ഡോഗ് ഡിഡിന്റ് സ്ലീപ്പ് ലാസ്റ്റ് നൈറ്റ്, നിക്കളാസ് മൗറിയുടെ ഫ്രഞ്ച് ചിത്രം മൈ ബെസ്റ്റ് പാര്‍ട്ട്, ലോയിസ് പാറ്റിനോയുടെ സ്പാനിഷ് ചിത്രം റെഡ് മൂണ്‍ ടൈഡ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തില്‍ ടിയാഗോ ഗുവേഡസിന്റെ പോര്‍ച്ചുഗീസ് ചിത്രം ദ ഡൊമൈന്‍ പ്രദര്‍ശിപ്പിച്ചു. 1970കളിലെ കാര്‍നേഷന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഹോമേജ് വിഭാഗത്തില്‍ ഖരേ ബൈരേ (സൗമിത്ര ചാറ്റര്‍ജി), മിഷന്‍ കാശ്മീര്‍ (രാഹത് ഇന്‍ഡോറി), ഭിജ മൈത്ര സ്വര്‍ഗ (മന്‍മോഹന്‍ മഹാപത്ര) തുടങ്ങിയവയാണ് പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍.

 

Top