അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധം ; യുവാക്കൾ പിടിയിൽ

മലപ്പുറം: അന്താരാഷ്ട്ര ലഹരിമരുന്ന് കടത്തു സംഘവുമായി ബന്ധമുള്ള കേരളത്തിലെ പ്രധാന ഏജന്‍റുമാര്‍ മലപ്പുറം തിരൂരിൽ പിടിയിലായി. താനൂർ ഡിവൈഎസ്‌പി എം.ഐ ഷാജിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അജ്മൽ, ഷുക്കൂർ, മുഹമ്മദ് റാഫി എന്നീ പ്രതികൾ പിടിയിലായത്.

കഴിഞ്ഞ ദിവസം എംഡിഎംഎ, കഞ്ചാവ് എന്നിവ പിടികൂടിയ സംഘത്തിലെ ആളുകളുടെ മൊബൈൽ നമ്പർ വാട്സ്ആപ്പ് എന്നിവ പരിശോധിച്ചതിൽ നിരവധി ചെറുപ്പക്കാർ ഈ റാക്കറ്റിൽ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നു മയക്കു മരുന്ന് സംഘത്തിലെ പ്രധാന വിൽപനക്കാരെ പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി മനസിലാക്കുന്നത്. ഇടപാടുകാർ എന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വിദേശത്തു മയക്കുമരുന്ന് ആവശ്യമുള്ള ആളുകൾ നാട്ടിലുള്ള അജ്മലിനെയും, ഷുക്കൂറിനെയും ബന്ധപ്പെടുകയും ഇവർ ഗൾഫിൽ ലഹരി മരുന്ന് കൈവശമുള്ളവരുമായി വാട്സ്ആപ്പ് വഴി ഡീൽ ഉറപ്പിക്കുകയും ചെയ്യും. ശേഷം ഓൺലൈൻ വഴി പൈസ കൈമാറിയ ശേഷം ലഹരിമരുന്ന് കൈവശമുള്ള ആൾ ഗൾഫിലെ ലഹരി മരുന്ന് ക്യാരിയർമാർക്ക് ഇവ കൈമാറുന്നു. ഇവർ ഗൾഫിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹന പാർക്കിങ് സ്ഥലങ്ങളിലും കല്ലിനടിയിലും ഒളിപ്പിച്ചു വെച്ച് അത് അടയാളപ്പെടുത്തി ഫോട്ടോ വാട്സ്ആപ്പ് വഴി ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. വാങ്ങുന്ന ആൾക്ക് ആരാണ് ലഹരി കൊണ്ടുവെച്ചത് എന്ന് അറിയാൻ സാധിക്കാത്ത രീതിയിലാണ് ഇവർ ഇവ കൈമാറ്റം ചെയ്തിരുന്നത്.

Top