അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ഐസിസി

ദുബായ്: കൊവിഡ് വ്യാപനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും തുടങ്ങുന്നതിന് മുന്നോടി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഐസിസി. അതാത് രാജ്യങ്ങള്‍ ഇളവ് നല്‍കുന്നതനുസരിച്ച് മത്സരങ്ങള്‍ തുടങ്ങാറാകുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഐസിസി മുന്നോട്ട് വച്ചിരിക്കുന്നത്.

14 ദിവസത്തെ സമ്പര്‍ക്ക വിലക്കില്‍ പരിശീലന ക്യാമ്പുകള്‍ നടത്തണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഓരോ ടീമുകളും മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഐസിസിയുടെ ആരോഗ്യ ഉപദേശക സമിതി വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് സുരക്ഷിതമായി മത്സരങ്ങള്‍ നടത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം, എപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ തുടങ്ങുമെന്നത് ഐസിസി വ്യക്തമാക്കിയിട്ടില്ല. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോ രാജ്യത്തിനും അവരുടേതായ സുരക്ഷാ മാനദന്ധങ്ങള്‍ കൊണ്ട് വരാനാകും. ഓരോ രാജ്യത്തെയും പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കി വേണം മാനദണ്ഡങ്ങള്‍ തയാറാക്കേണ്ടതെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര, രാജ്യാന്തര മത്സരങ്ങള്‍ ഈ മാനദണ്ഡപ്രകാരം മാത്രമേ സംഘടിപ്പിക്കാകൂ. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top