കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനില്‍ ആഭ്യന്തര കലഹം. കെപിസിസി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം

തിരുവനന്തപുരം: പ്രൈവറ്റ് കോളേജ് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനി(കെപിസിടിഎ)ല്‍ ആഭ്യന്തര കലഹം. സംഘടനയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടും കെപിസിസി നടപടി സ്വീകരിക്കാത്തതിലാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധം.

ആരോപണം അന്വേഷിക്കാന്‍ കെപിസിസി നേരിട്ട് സമിതിയെ നിയോഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ, വൈസ് പ്രസിഡന്റ് വിടി ബല്‍റാം, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് അധ്യാപകന്‍ ഡോ. സജീവ് എന്നിവരാണ് കെപിസിസി അന്വേഷണ സമിതിയിലെ അംഗങ്ങള്‍. പുറമെ കെപിസിടിഎ മുന്‍ പ്രസിഡന്റുമാരായ നാല് പേരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റിയും രൂപികരിച്ചു. 2017 മുതലുള്ള വരവ് ചെലവ് കണക്കുകള്‍ അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ ക്രമക്കേടാണ് സബ് കമ്മിറ്റി കണ്ടെത്തിയത്.

കെപിസിസിയ്ക്ക് നല്‍കാനായി സ്വരൂപിച്ച 10 ലക്ഷം രൂപയില്‍ ക്രമക്കേട് നടന്നതായി വ്യക്തമായി. എംജി സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ പണം ചിലവഴിച്ചതിലും ക്രമക്കേട് കണ്ടെത്തി. കെപിസിസി നിയോഗിച്ച സമിതി നേരിട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സംഘടന പിളര്‍പ്പിലേക്ക് നീങ്ങുന്നത്. സംഘടനയ്ക്ക് അകത്തെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി നല്‍കാനും ഒരു വിഭാഗത്തിന് ആലോചനയുണ്ട്.

Top