ചെയര്‍മാന്‍ സ്ഥാനത്തിന് ചരടുവലി; ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ഒരുവിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അധികാരക്കസേരയ്ക്കായി പക്ഷം ചേര്‍ന്ന് പടയൊരുക്കം. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി.

ജോസ് കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ്. തോമസിനെ പാര്‍ലമെന്ററി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം. ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് മാണി വിഭാഗം കരുനീക്കങ്ങള്‍ ആരംഭിച്ചത്.

അതേസമയം, ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സി.എഫ് തോമസ് പ്രശ്‌നം വഷളാക്കരുതെന്നും അറിയിച്ചു. നേരത്തേ, ജോസ് കെ. മാണിയുമായും ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Top