മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് സമവായചര്‍ച്ച. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ വൈകിട്ട് 3 മണിക്ക് കൊച്ചിയിലാണ് യോഗം. സമരത്തിലുളള തൊഴിലാളി പ്രതിനിധികളേയും മാനേജ്‌മെന്റ് പ്രതിനിധികളേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളെത്താതിരുന്നതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും മുത്തൂറ്റില്‍ സമവായ ചര്‍ച്ച വിളിക്കുന്നത്.

ഇതിനിടെ ആലപ്പുഴ പുന്നപ്ര മുത്തൂറ്റ് ബ്രാഞ്ച് മാനേജരെ സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇനിയും ബ്രാഞ്ച് തുറന്നാല്‍ മുട്ടിലിഴഞ്ഞു വീട്ടില്‍ പോകേണ്ടി വരുമെന്നും ഓണം കാണില്ലെന്നുമായിരുന്നു ഭീഷണിയെന്ന് ബ്രാഞ്ച് മാനേജര്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്രയിലെ മുത്തൂറ്റ് ബ്രാഞ്ച് തുറക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ജീവനക്കാരും ഇടപാടുകാരും സിഐടിയു പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

Top