ബോണ്ടില്‍ നിന്നുള്ള നേട്ടം ഇടിയുന്നു; ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കും

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഉടൻ മാറ്റമുണ്ടാകും.

ബോണ്ടില്‍ നിന്നുള്ള നേട്ടം കുറഞ്ഞതോടെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറക്കാനൊരുങ്ങുന്നത്.

ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ ബോണ്ട് ആദായത്തില്‍ 20 ബേസിസ് പോയന്റിന്റെ കുറവാണുണ്ടായത്.

അതേസമയം, ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കല്‍ 10 ബേസിസ് പോയന്റില്‍ ചുരുക്കിയേക്കും.

കിസാന്‍ വികാസ് പത്ര, പിപിഎഫ് എന്നിവ ഉള്‍പ്പടെയുള്ള പോസ്‌റ്റോഫീസ് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുള്ളവരിലേറെയും സാധാരണക്കാരായതിനാലാണ് പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്താത്തത്.

10 ബേസിസ് പോയന്റ് കുറച്ചാല്‍ പിപിഎഫിന്റെ പലിശ 7.7 ശതമാനമായികുറയും. 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന പലിശയാണിത്.

ബോണ്ടില്‍നിന്നുള്ള ആദായം കുറയാന്‍ തുടങ്ങിയതോടെ രണ്ട് വര്‍ഷമായി പിപിഎഫ് പലിശ നിരക്ക് ഇടിയുകയാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം പലിശയെയാണ് കൂടുതല്‍ ബാധിക്കുക. മൂന്ന് വര്‍ഷംമുമ്പ് 9.5ശതമാനമായിരുന്നു സ്‌കീമിലെ പലിശ. ഇത് 8.2ശതമാനമായി കുറഞ്ഞേക്കും.

എന്നിരുന്നാലും ബാങ്ക് നിക്ഷേപത്തേക്കാളും ലാഭകരമാണ് പിപിഎഫ്. നിക്ഷേപിക്കുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴുമുള്ള ആദായ നികുതിയിളവാണ് ആകര്‍ഷകം.

3.6 ശതമാനം പണപ്പെരുപ്പ നിരക്കുകള്‍ കിഴിച്ചുകഴിഞ്ഞാല്‍ പിപിഎഫില്‍നിന്നുള്ള നേട്ടം നാല് ശതമാനത്തോളമാണ്.

നേട്ടം ഇപിഎഫില്‍

ശമ്പള വരുമാനക്കാര്‍ക്കുള്ള നിര്‍ബന്ധിത നിക്ഷേപ പദ്ധതിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇപിഎഫ്)പിപിഎഫിനേക്കാള്‍ മികച്ച പലിശ നിരക്കാണുള്ളത്.

ശമ്പള വരുമാനക്കാരനാണ് നിങ്ങളെങ്കില്‍ ഇപിഎഫിന് പുറമെ വിപിഎഫില്‍(വളണ്ടറി പ്രൊവിഡന്റ് ഫണ്ട്)കൂടി നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം.

പിപിഎഫില്‍ നിക്ഷേപിക്കാതെ വിപിഎഫില്‍ നിക്ഷേപിച്ചാല്‍ 8.65ശതമാനം പലിശ ലഭിക്കും. 80സി പ്രകാരമുള്ള ആദായനികുതി ആനൂകൂല്യവും ലഭിക്കും.

Top