ബഹ്‌റൈന്‍ രാജകുമാരന്‍ വാക്‌സിനുമായി നേപ്പാളില്‍; എതിര്‍ത്ത്‌ ആരോഗ്യവകുപ്പ്

മനാമ: എവറസ്റ്റ് കൊടുമുടി കയറാന്‍ ബഹ്‌റൈനില്‍ നിന്നുള്ള പര്‍വതാരോഹകരുടെ സംഘവുമായി നേപ്പാളിലെത്തിയതാണ് രാജകുമാരന്‍ ശെയ്ഖ് മുഹമ്മദ് ഹമദ് മുഹമ്മദ് അല്‍ ഖലീഫ. എന്നാല്‍ പോകുമ്പോള്‍ വെറും കൈയോടെ പോവേണ്ടെന്നു കരുതി അദ്ദേഹം 2000 ഡോസ് വാക്‌സിനും കൂടെ കൊണ്ടുപോയി. എവറസ്റ്റിലേക്കുള്ള വഴിയിലെ ഒറ്റപ്പെട്ട ഗ്രാമത്തിലെ താമസക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയായിരുന്നു രാജകുമാരന്‍ ഇത് ചെയ്തത്. എന്നാല്‍ ഇത് വലിയ അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍.

സമ്പന്നരായ അറബ് രാജകുമാരന്‍മാര്‍ക്ക് എന്തുമാവാമെന്ന രീതിയിലാണ് ബഹ്‌റൈന്‍ രാജകുമാരന്റെ ഈ പ്രവൃത്തി നേപ്പാളി മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത്. രാജ്യത്തിന്റെ അനുമതിയില്ലാതെയാണ് വാക്‌സിന്‍ കൊണ്ടുവന്നതെന്നും അത് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബഹ്‌റൈന്‍ രാജകുമാരന്‍ നേപ്പാളില്‍ സ്വന്തമായി വാക്‌സിന്‍ കാംപയിന്‍ നടത്തുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നാണ് ആരോഗ്യ വകുപ്പിലെ ചിലര്‍ പ്രതികരിച്ചത്. വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍ അധികൃതര്‍. വാക്‌സിന്‍ അനുവാദമില്ലാതെ രാജ്യത്ത് എത്താനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചതായി ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഭാരത് ഭട്ടാറായ് അറിയിച്ചു.

ബഹ്‌റൈനിലെ നേപ്പാള്‍ എംബസിയുടെ അനുവാദത്തോടെയാണ് തങ്ങള്‍ വാക്‌സിന്‍ കൊണ്ടുപോയതെന്നാണ് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെയും ട്രക്കിംഗ് സംഘത്തിന്റെയും വാദം. എംബസി അധികൃതര്‍ നേപ്പാളിലെ ആരോഗ്യമന്ത്രാലയത്തെ അറിയിക്കാന്‍ വിട്ടുപോയതായിരിക്കാമെന്നും അവര്‍ പറയുന്നു. ഇതാണ് സംഭവം വലിയ വിവാദമാകാന്‍ കാരണമെന്നും അവര്‍ പറയുന്നു. അല്ലാതെ രാജ്യത്തെ നിയമങ്ങളെ ലംഘിച്ച് തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ബഹ്‌റൈന്‍ രാജകുമാരന്‍ കൊണ്ടുവന്നത് രാജ്യത്ത് ഉപയോഗിക്കാന്‍ ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്ത ചൈനയുടെ സിനോവാക് എന്ന വാക്‌സിനാണെന്ന ആരോപണവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കാഠ്മണ്ഡു പോസ്റ്റാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ ആരോപണവും ബഹ്‌റൈന്‍ സംഘം നിഷേധിച്ചു. ബഹ്‌റൈനില്‍ വിതരണം ചെയ്യുന്ന ഓക്‌സ്‌ഫോഡ് ആസ്ട്രാസെനെക്ക വാക്‌സിനാണ് തങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അതിന് നേപ്പാള്‍ ആരോഗ്യമന്ത്രാലയം ഉപയോഗാനുമതി നല്‍കിയതാണെന്നും അദ്ദേഹം അറിയിച്ചു.

 

Top