ലയണല്‍ മെസ്സിക്ക് വന്‍ ഓഫറുകളുമായി ഇന്റര്‍ മിലാന്‍

മിലാന്‍: ലയണല്‍ മെസ്സി ബാഴ്സലോണ വിട്ട് ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇന്റര്‍ കഴിഞ്ഞ സീസണില്‍ത്തന്നെ മികച്ച താരങ്ങളെ ടീമിലെത്തിച്ചിരുന്നെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചില്ല.

യുവന്റസിന് താഴെ രണ്ടാം സ്ഥാനമായിരുന്നു ഇന്ററിന് ലഭിച്ചത്. മെസിയെ എത്തിച്ചാല്‍ വീണ്ടും മെസ്സി-റൊണാള്‍ഡോ പോരിന് കളമൊരുങ്ങും. മെസിക്കായി വമ്പന്‍ ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് യുവന്റസ് നല്‍കുന്നതിലും കൂടുതല്‍ പ്രതിഫലം വരെ ഇന്ററിന്റെ വാഗ്ദാനങ്ങളിലുണ്ടെന്നാണ് വിവരം. നിലവില്‍ 2021 വരെയാണ് മെസിക്ക് ബാഴ്സലോണയുമായി കരാറുള്ളത്. വരുന്ന വര്‍ഷത്തോടെ കരാര്‍ അവസാനിക്കാനിരിക്കെ ഇതുവരെ ബാഴ്സ കരാര്‍ പുതുക്കാത്തത് മെസിയുടെ കൂടുമാറ്റ അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നു.

കൊറോണയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ക്ലബ്ബ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് മെസി രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു.

Top