ലൂക്കാക്കുവിനേയും ഡിബാലയെയും ലക്ഷ്യം വെച്ച് ഇന്റർമിലാൻ

മിലാൻ: കഴിഞ്ഞ സീസണിൽ രണ്ട് പോയിന്‍റിനാണ് സീരി എ കിരീടം ഇന്‍റർമിലാന് നഷ്ടമായത്. ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഒരുങ്ങുന്നത്. റൊമേലു ലുക്കാക്കുവിനെയും പൗളോ ഡിബാലയെയും ടീമിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ഇന്‍റർമിലാൻ. മുന്നേറ്റത്തിന്‍റെ ശക്തികൂട്ടാൻ ബെൽജിയം താരത്തിനെയും അർജന്‍റൈൻ താരത്തിനെയും ഇന്‍റർമിലാൻ ലക്ഷ്യമിടുന്നതെന്ന് ഇന്‍റർ മിലാൻ സിഇഒ ഗിസപ്പെ മറോറ്റ പറഞ്ഞു. ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാകും ലുക്കാക്കു വീണ്ടും ഇന്‍ററിലെത്തിക്കുക.

ടീമിലെ അസ്വാരസ്യങ്ങൾ മൂലം ഇറ്റലിയിലേക്ക് മടങ്ങണമെന്ന ആഗ്രഹം തുറന്ന് പ്രകടിപ്പിച്ച ലുക്കാക്കുവിനെ നൽകാൻ ചെൽസി തയ്യാറായേക്കും. ലോണിൽ ലുക്കാക്കുവിനെ നൽകുമെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരും ബെൽജിയം താരത്തിന്. 29കാരനായ താരത്തിന് കഴിഞ്ഞ സീസണിൽ 15 ഗോളുകൾ മാത്രമാണ് നേടാനായത്. ഈ മാസം അവസാനത്തോടെ യുവന്റസുമായി കരാർ അവസാനിക്കുന്ന പൗളോ ഡിബാലയെ ടീമിലെത്തിക്കാനും ചർച്ചകൾ സജീവമാണ്.

2015 മുതൽ യുവന്‍റസ് താരമായ ഡിബാല ടീമിനായി 210 മത്സരങ്ങളിൽ 82 ഗോളുകളാണ് നേടിയത്. റോമ താരം ഹെൻറിക് മക്കിറ്റ് ആര്യനും അയാക്സ് ഗോൾ കീപ്പർ ആന്ദ്രേ ഒനാനയും ഇന്‍ററിന്‍റെ പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 2 പോയിന്റിന്‍റെ ലീഡിലാണ് എസി മിലാൻ, ഇന്‍ററിനെ മറികടന്ന് സെരിഎ കിരീടം നേടിയത്.

Top