ചൈനീസ് ആപ്പുകള്‍ ഇന്ത്യന്‍ സുരക്ഷാ സംവിധാന രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: മൊബൈല്‍ അപ്ലിക്കേഷനുകളുടെ സഹായത്തോടെ ചൈന ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ്.

അതിനാല്‍ സൈനികരുടെ മൊബൈലിലെ വിവിധ ചൈനീസ് അപ്ലിക്കേഷന്‍സ് നീക്കം ചെയ്യാനോ സ്മാര്‍ട്ട് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാനോ ഇന്റലിജന്‍സ് ഡി.ഐ.ജി നിയന്ത്രണ രേഖയിലെ സൈനികര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നീക്കം ചെയ്യാനുള്ള 42 ചൈനീസ് അപ്ലിക്കേഷന്‍സിന്റെ പട്ടികയും ഇന്റലിജന്‍സ് പുറത്ത് വിട്ടു.

വി ചാറ്റ്, ട്രൂ കോളര്‍, വെയ്‌ബോ, യു.സി ബ്രൗസര്‍, യു.സി ന്യൂസ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.

ഇത്തരം അപ്ലിക്കേഷനിലൂടെ വ്യക്തിപരമായ വിവരങ്ങളും ചൈനയ്ക്ക് ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമാവും വിധം മാറുമെന്നുമാണ് മുന്നറിയിപ്പ്.

ദോക്‌ലാം സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യ നേതൃത്വത്തില്‍ നിന്നും പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

അതിര്‍ത്തി സുരക്ഷാ സേനയെ കൂടാതെ വിവിധ സൈനിക ഓഫീസര്‍മാരോടും ഇത്തരം അപ്ലിക്കേഷന്‍സ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും വിലക്കിയിട്ടുണ്ട്.

ഇത്തരം ഫോണുകളില്‍ നിന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ ചൈനയിലുള്ള റിമോര്‍ട്ട് സെര്‍വറിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് നിര്‍ദേശം.

Top