യു.ഡി.എഫ് എം.എൽ.എമാർ ഉൾപ്പെടെ 22 നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി നീക്കമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് !

കേരള രാഷ്ട്രീയത്തിൽ വമ്പൻ അട്ടിമറിക്ക് ബി.ജെ.പി ഒരുങ്ങുന്നതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. എം.എൽ.എമാർ ഉൾപ്പെടെ 22 പേരെ അടർത്തിയെടുക്കാനാണ് ബി.ജെ.പി നീക്കമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു അട്ടിമറി നീക്കത്തിന് “ഓപ്പറേഷൻ നീലത്താമര” എന്നാണ് പേരിട്ടിരിക്കുന്നത്. ആർ.എസ്.എസിനു ഏറ്റവും കൂടുതൽ ഘടകങ്ങളുള്ളതും രാജ്യത്ത് കൂടുതൽ സംഘപരിവാർ പ്രവർത്തകർ കൊലചെയ്യപ്പെട്ടതും കേരളത്തിലായതിനാൽ ദൈവത്തിന്റെ ഈ സ്വന്തം നാട് ആർ.എസ്.എസ് ദേശീയ നേതൃത്വത്തിനും ഏറെ പ്രിയപ്പെട്ടതാണ്.

അടുത്തത് കേരളമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തുറന്നു പറഞ്ഞതും ആർ.എസ്.എസ് നേതൃത്വത്തിന്റെ മനസ്സറിഞ്ഞാണ്. പ്രധാനമന്ത്രിയുടെ ഈ പരസ്യ പ്രസ്ഥാവനയ്ക്കു ശേഷമാണ് സംസ്ഥാന ഇന്റലിജൻസ് ഇത്തരമൊരു റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് നൽകിയിരിക്കുന്നത്. ജനകീയരായ നേതാക്കൾ ഇല്ലാത്ത ദൗർബല്യം പരിഹരിക്കാൻ മറ്റു പാർട്ടികളിലെ നേതാക്കളെ ബി.ജെ.പി ലക്ഷ്യമിട്ടു എന്ന വാർത്തകൾ മുൻപ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇതു സംബന്ധമായി ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്നത് ഇതാദ്യമാണ്. വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടായി തന്നെ ഇതിനെ നാം വിലയിരുത്തേണ്ടതുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി ഇതിനകം തന്നെ ബി.ജെ.പി കേരളത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 4 സീറ്റുകളാണ് കേരളത്തിൽ ലക്ഷ്യമിടുന്നതെന്നു ദേശീയ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടു സീറ്റുകളിലാണ് അവർ വിജയ പ്രതീക്ഷ പുലർത്തുന്നത്. അതിൽ ഒന്ന് തിരുവനന്തപുരവും മറ്റേത് തൃശൂരുമാണ്.

തൃശൂരിൽ സുരേഷ് ഗോപി തന്നെ വീണ്ടും സ്ഥാനാർത്ഥിയാകാനാണ് സാധ്യത. തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞാൽ കൂടുതൽ യു.ഡി.എഫ് നേതാക്കൾ ബി.ജെ.പിയിൽ എത്തുമെന്നാണ് ദേശീയ നേതൃത്വം കണക്കു കൂട്ടുന്നത്. ഇതിനു പുറമെ, വിവിധ ഹൈന്ദവ സംഘടനകളെ ഒപ്പം നിർത്തി ഇടതുപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കാൻ കഴിയുമോ എന്നതും ബി.ജെ.പി തീവ്രമായി തന്നെ ശ്രമിക്കുന്നുണ്ട്. ഇതു സംബന്ധമായ ചർച്ചകളിൽ കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം മുസ്ലീംലീഗ് പിളരുമെന്നും ഇതിൽ ഒരുവിഭാഗം ഇടതുപക്ഷത്ത് എത്തുമെന്നുമാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. അത്തരമൊരു നീക്കം ഒരു വിഭാഗം ഹൈന്ദവ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി തിരിയാൻ വഴിവയ്ക്കുമെന്നതാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം. ഇത്തരമൊരു കണക്കു കൂട്ടലിലാണ് ബി.ജെ.പി നേതൃത്വം മുന്നോട്ടു പോകുന്നത്. പിണറായിക്കു ശേഷം സി.പി.എം. ആരെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുക എന്ന ചോദ്യവും അവർ ഉയർത്തിക്കാട്ടുന്നുണ്ട്. വി.എസിനും പിണറായിക്കും ശേഷം നയിക്കാൻ ജനകീയ പിന്തുണയുള്ള ഏത് നേതാവ് സി.പി.എമ്മിനുണ്ട് എന്ന ചോദ്യം സൈബർ ഇടങ്ങളിൽ ഇപ്പോൾ തന്നെ ബി.ജെ.പിയും യു.ഡി.എഫും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

“നേതാവല്ല, പ്രത്യയ ശാസ്ത്രമാണ് തങ്ങളെ നയിക്കുന്നതെന്ന” മറുപടിയാണ് ഇതിന് സി.പി.എം. അണികളും നൽകി വരുന്നത്. സി.പി.എമ്മിനെ സംബന്ധിച്ച് മറ്റു പാർട്ടികളിലെ പോലെ വ്യക്തികൾ ഒരു ഘടകമല്ലന്നത് ഒരു വസ്തുതയാണ്. അതേസമയം, സോഷ്യൽ മീഡിയകളുടെ പുതിയ കാലത്ത് രാഷ്ട്രീയ വിദ്യാഭ്യാസം അന്യമായ ഒരു തലമുറ ആധിപത്യം പുലർത്തുമ്പോൾ ഉയർത്തിക്കാട്ടാൻ ജനകീയനായ ഒരു നേതാവ് ഏത് മുന്നണിയെ സംബന്ധിച്ചും അനിവാര്യം തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ തീർച്ചയായും കേരളത്തിൽ ഇടതുപക്ഷത്തിന് നേട്ടം ഉണ്ടാകും. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റിൽ നിന്നും 15 സീറ്റുകൾ വരെയായി ആ നേട്ടം ഉയർന്നാലും അത്ഭുതപ്പെടേണ്ടതില്ല.

മത ന്യൂനപക്ഷങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തുന്ന കേരളത്തിൽ ഏക സിവിൽ കോഡ് വിഷയം സി.എ.എ വിഷയം പോലെ തന്നെ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ഇടതു ബുദ്ധിജീവികളും ചൂണ്ടിക്കാട്ടുന്നത്. അതിരു കടന്ന ആത്മവിശ്വാസമായി ഇതിനെ വിലയിരുത്താൻ കഴിയില്ലങ്കിലും സി.പി.എമ്മും പിണറായി സർക്കാറും വളരെ സൂക്ഷിച്ചു മുന്നോട്ടു പോകേണ്ട രാഷ്ട്രീയ സാഹചര്യം നിലവിൽ കേരളത്തിലുണ്ട്. സൈബർ ഇടങ്ങളിലും കുത്തക മാധ്യമ മേഖലയിലും ഇടതുപക്ഷ വിരുദ്ധർക്കാണ് മേധാവിത്വമുള്ളത്. “ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് നേരായി ജനങ്ങള്‍ വിശ്വസിക്കുമെന്ന” ഗീബല്‍സിന്റെ തന്ത്രമാണ് കേരളത്തിൽ ഇടതുപക്ഷ വിരുദ്ധ ക്യാംപുകൾ പടച്ചു വിടുന്നത്. ഇതിനെ ഫലപ്രദമായി ചെറുക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെങ്കിൽ അത് എതിരാളികൾക്കാണ് നേട്ടമായി മാറുക.

സൈബർ ഇടം എങ്ങനെ ഉപയോഗിക്കണമെന്നത് കൃത്യമായി ബി.ജെ.പിക്ക് അറിയാം. അതുകൊണ്ടു തന്നെയാണവർ ദേശീയ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഓൺലൈൻ മാധ്യമങ്ങളുടെ യോഗം വിളിച്ചിരുന്നത്. കോൺഗ്രസ്റ്റും മുസ്ലീംലീഗും സമാനമായ നീക്കമാണ് നിലവിൽ നടത്തുന്നത്. ഒരു മൊബൈൽ ഫോൺ കൈവശമുള്ള ഏതൊരാളും മാധ്യമ പ്രവർത്തകനായി മാറുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ വഴി പടച്ചു വിടുന്ന പ്രചരണങ്ങളെ കൃത്യമായി പ്രതിരോധിച്ചില്ലങ്കിൽ ഏത് ശക്തമായ പാർട്ടിയാണെങ്കിലും ചിലപ്പോൾ സമ്മർദ്ദത്തിലായി പോകും. നട്ടാല്‍ മുളയ്ക്കാത്ത നുണകൾ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്ന ഗീബല്‍സിന്റെ പിൻമുറക്കാർ അനവധിയുള്ള നാടാണ് കേരളം. ആ നുണകൾ ഏറ്റാൽ വലിയ വിലയാണ് ഇവിടുത്തെ കമ്യൂണിസ്റ്റു പാർട്ടികളും നൽകേണ്ടി വരിക.

പണ്ട് ജർമ്മനിയിലെ നിയമനിര്‍മാണസഭയായ റീഷ്സ്റ്റാഗ് കെട്ടിടത്തിന് കമ്യൂണിസ്റ്റുകൾ തീവച്ചതായാണ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സ് പ്രചരിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ പോലും സങ്കല്‍പ്പിച്ചിട്ടില്ലാത്തതായിരുന്നു ഇത്തരമൊരു സംഭവം. പക്ഷേ, ജനങ്ങള്‍ അതും വിശ്വസിച്ചു. ഹിറ്റ്ലര്‍ എന്ന ഭരണാധികാരി സോഷ്യലിസ്റ്റും ജനാധിപത്യവാദിയുമാണെന്നായിരുന്നു ഗീബൽസ് ജനങ്ങളെ തെറ്റായി ധരിപ്പിച്ചിരുന്നത്. ഇതിനു ശേഷമാണ് റീഷ്സ്റ്റാഗിന് തീവച്ചെന്നാരോപിച്ച് ഹിറ്റ്ലര്‍ കമ്യൂണിസ്റ്റുപാര്‍ടിയെ നിരോധിച്ചിരുന്നത്. തുടർന്ന് പാര്‍ടി നേതാക്കളെ ഒന്നടങ്കം ജയിലിലടക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാന്‍ ഹിറ്റ്ലര്‍ കണ്ടെത്തിയ കുതന്ത്രമായിരുന്നു ഈ നുണപ്രചാരണമെന്നത് വളരെ വൈകിയാണ് ജനങ്ങളും തിരിച്ചറിഞ്ഞിരുന്നത്. ഹിറ്റ്ലറുടെ ഇതേ കുതന്ത്രമാണ് മറ്റൊരു രൂപത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും കേരളത്തില്‍ പയറ്റുന്നതെന്നാണ് സി.പി.എം. ആരോപിക്കുന്നതെങ്കിലും ഇതൊന്നും കേട്ടഭാവം നടിക്കാത്തതു പോലെയാണ് ഇടതുപക്ഷത്തിനെതിരെ സൈബർ ഇടങ്ങളിൽ ആക്രമണങ്ങൾ ശക്തമായിരിക്കുന്നത്.

ഒരു ഭാഗത്ത് സി.പി.എം ആണെങ്കിൽ മറുഭാഗത്ത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടയിലാണ് യു.ഡി.എഫ് എം.എൽ.എമാർ ഉൾപ്പെടെയുളള സംഘം ബി.ജെ.പിയിൽ എത്തുമെന്ന റിപ്പോർട്ടും പുറത്തു വന്നിരിക്കുന്നത്. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ലാത്തതിനാൽ ഒരു സാധ്യതയും തള്ളിക്കളായൻ കഴിയുകയില്ല. അതുതന്നെയാണ് യാഥാർത്ഥ്യവും.

EXPRESS KERALA VIEW

Top