അഗ്നിപഥ് പദ്ധതി; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്റലിജൻസ് നിർദ്ദേശം

ഡൽഹി: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ നിരീക്ഷിക്കാൻ നിർദ്ദേശം. പൊലീസിനെയും പൊതു സ്വത്തുക്കളെയും ലക്ഷ്യമാക്കിയുള്ള പ്രതിഷേധത്തിൽ ചേരുന്ന സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കാൻ ഇന്റലിജൻസ് ഏജൻസികൾ പൊലീസിനോട് ആവശ്യപ്പെട്ടു.

ഡിഫൻസ് പരീക്ഷാ തയ്യാറെടുപ്പുകൾക്കായി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാനാണ് നിർദ്ദേശം. സ്ഥാപനങ്ങളുടെ ഉടമകളുമായി സംസാരിക്കാനും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്ക് വ്യക്തത വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനം നിലനിർത്താൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കാനും ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അക്രമം സൃഷ്ടിക്കുന്നതിനായി പ്രതിഷേധത്തിൽ ചേരുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ ലോക്കൽ പൊലീസുമായി ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് സ്കീമിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Top