ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്;അഴിമതിക്ക് കളമൊരുങ്ങുന്നു

തിരുവനന്തപുരം: 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയില്‍ അഴിമതിക്ക് കളമൊരുങ്ങുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിച്ചു പിഴ ചുമത്തുന്ന ജോലി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച് വന്‍ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിക്കാനും അവയ്ക്ക് ജനങ്ങളില്‍നിന്നു പിഴ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി. ഇതിനായി ടെന്‍ഡര്‍ സമര്‍പ്പിച്ച സിഡ്കോയെ ഒഴിവാക്കി കെല്‍ട്രോണിനെ മുന്‍നിര്‍ത്തി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാനാണ് നീക്കം. 90 ശതമാനം തുകയും സ്വകാര്യ കമ്പനിക്ക് സര്‍വീസ് ചാര്‍ജായും മെയിന്റനന്‍സ് ചാര്‍ജായും നല്‍കുമ്പോള്‍ പത്തു ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ.

പദ്ധതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 350 സ്പീഡ് ലിമിറ്റ് വയലേഷന്‍ ക്യാമറകളും 30 റെഡ് ലൈറ്റ് വയലേഷന്‍ ക്യാമറകളും 100 ഹെല്‍മെറ്റ് അബ്സെന്‍സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്വകാര്യ കമ്പനി സ്ഥാപിക്കും. ഇവര്‍ തന്നെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് കൈമാറും. ഇത്തരത്തിലൊരു പദ്ധതി ഏറ്റെടുക്കാനുള്ള സാമ്പത്തികം പാപ്പനംകോട് വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കില്ല. വിവാദ കമ്പനിയായ ഗാലക്സോണ്‍ ആണ് ഇതിനായി ഈ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും ആരോപണമുണ്ട്.

Top