insurance for other state labours by state government

കോഴിക്കോട്: കേരളത്തില്‍ ജോലിചെയ്യുന്ന മറുനാടന്‍തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ടുള്ളതാണ് തൊഴില്‍ വകുപ്പിന്റെ ‘ആവാസ്’ പദ്ധതി.

ആഭ്യന്തര-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 18 മുതല്‍ 60 വയസ്സ് വരെയുള്ളവരെയാണ് പദ്ധതിയില്‍ അംഗമാക്കുക. 10,000 രൂപ മുതല്‍ 15,000 വരെ സൗജന്യചികിത്സാ സഹായവും അപകടമരണ ഇന്‍ഷുറന്‍സായി രണ്ടുലക്ഷം രൂപയും ലഭിക്കും. ഇതിനായി സംസ്ഥാനത്ത് ജോലിചെയ്യുന്ന മുഴുവന്‍ മറുനാടന്‍തൊഴിലാളികളുടെയും വിവരശേഖരണം നടത്തും. ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കും. തൊഴിലാളികളുടെ വിവരശേഖരണം നടത്താന്‍ ഏജന്‍സികളില്‍നിന്ന് ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കാനാകും.

രജിസ്റ്റര്‍ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആധുനികമാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതിച്ചുമതല. തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഡടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ആരംഭിക്കും.

തൊഴിലാളികള്‍ക്കായി ‘അപ്നഘര്‍’ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഫ്ലാറ്റുകളുടെ നിര്‍മാണം പാലക്കാട് കഞ്ചിക്കോട് അവസാനഘട്ടത്തിലാണ്. അടുത്തഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലും ഫ്ലാറ്റുകള്‍ നിര്‍മിക്കും.

Top