പ്രതിഷേധ മാര്‍ച്ചിനിടെ അസഭ്യവര്‍ഷം; പോലീസുകാരനെതിരെ പരാതി നല്‍കി കെഎസ്യു

 

കോട്ടയം: എംജി സര്‍വകലാശാലയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ പോലീസുകാരന്‍ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കെഎസ്യു. ഗാന്ധിനഗര്‍ എസ്ഐ സുധി.കെ.സത്യപാലിനെതിരെയാണ് കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു പരാതി നല്‍കിയത്.

എംജി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കെഎസ്യു കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. സ്ഥലത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായെത്തിയ എസ്ഐയും പ്രവര്‍ത്തകരും തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്.

വാക്കേറ്റം കനത്തതോടെ ഇരുകൂട്ടരും തമ്മില്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് എസ്ഐയെ സ്ഥലത്തു നിന്ന് മാറ്റിയെങ്കിലും പ്രകോപിതനായ ഉദ്യോഗസ്ഥന്‍ അസഭ്യഭാഷണം തുടരുകയായിരുന്നു.

 

Top