പ്രവാചക നിന്ദ: കടുത്ത അതൃപ്തി അറിയിച്ച് സൗദി അറേബ്യയും അറബ് ലീഗും

ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി വക്താക്കളായ നൂപൂർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് സൗദി അറേബ്യയും അറബ് ലീഗും. വിവാദ പ്രസ്താവനയിൽ കടുത്ത നടപടി വേണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ സൗദി അറേബ്യ വിദേശകാര്യമന്ത്രാലയം അപലപിച്ചു. പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന തള്ളിക്കളയുന്നു. ഇസ്ലാമിക ചിഹ്നങ്ങൾ എന്നുമാത്രമല്ല, ഏതു മതത്തെയും മോശമാക്കുന്ന ഒരു നടപടിയെയും അംഗീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാദ് അൽ സൗദ് രാജകുമാരൻ പ്രസ്താവനയിൽ വ്യക്തമാക്കി. വിവാദ പ്രസ്താവന നടത്തിയ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ബിജെപി നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയിൽ ഖത്തർ, ഒമാൻ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തർ പ്രതിഷേധം അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു. ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ അറബ് ലോകത്താതെ പ്രതിഷേധം അലയടിക്കുകയാണ്.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ കടുത്ത പ്രതികരണവുമായി പാകിസ്ഥാനും രംഗത്തെത്തി. പ്രവാചക നിന്ദയിൽ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾ പരസ്യശാസന നൽകണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ അവകാശങ്ങൾ ഇന്ത്യയിൽ ഹനിക്കപ്പെടുകയാണ്.

ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടമായി. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കൾക്കെതിരെ, പാർട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഗൾഫ് രാജ്യങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

പ്രസ്താവന വിവാദമായതിനെ തുടർന്ന്, ബിജെപി വക്താക്കളായ നവീൻ കുമാർ ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Top