18 വയസിന് താഴെയുള്ളവരെ കയറ്റരുത് ; പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളി ഒരുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ പള്ളിയോടങ്ങളിൽ സുരക്ഷയ്ക്ക് നിർദേശം. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റരുത്. 18 വയസിന് താഴെയുള്ളവരേയും കയറ്റരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഇന്ന് ചെന്നിത്തലയിൽ ഉണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാൾ പ്ലസ്ടു വിദ്യാർഥിയാണ്.

ചെന്നിത്തല പള്ളിയോടം മറിഞ്ഞാണ് ഇന്ന് രണ്ടുപേർ മരിച്ചത്. മാവേലിക്കര വലിയപെരുമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഈ പശ്ചാത്തലത്തിലാണ് പള്ളിയോടങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവർക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. പള്ളിയോടങ്ങൾക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Top