ഉന്നാവോ കേസ്; ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണം:മായവതി

ന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവം വേദനാജനകമെന്ന് ബിഎസ്പി നേതാവ് മായവതി. യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”ഉനാവോയില്‍ പീഡിപ്പിക്കപ്പെട്ട യുവതി ഡല്‍ഹിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവം വേദനയുണ്ടാക്കുന്നു. അവരുടെ വേദനയില്‍ ബിഎസ്പി ആ കുടുംബത്തിനൊപ്പം ചേരുന്നു. യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം” – മായാവതി പറഞ്ഞു.

”ഉത്തര്‍പ്രദേശ് അടക്കം രാജ്യത്തുടനീളം ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാക്കണം. മാത്രമല്ല, നിശ്ചയിച്ച സമയത്തുതന്നെ കുറ്റവാളികളെ സര്‍ക്കാര്‍ തൂക്കിലേറ്റണം. ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണം” – മായാവതി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയില്‍ ആയിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി തീകൊളുത്തപ്പെട്ട് മരണത്തോട് മല്ലിട്ട പെണ്‍കുട്ടി മരിച്ചത്. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കിയതിന്റെ പേരിലാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം വ്യാഴാഴ്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പരാതിയില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാക്കാതിരുന്ന യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.

ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗസംഘമാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പ്രതികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

Top