കൂറ്റന്‍ പ്രതിമകള്‍ക്ക് പകരം, ആധുനിക സ്‌കൂളും യൂണിവേഴ്‌സിറ്റികളും നിര്‍മ്മിക്കൂ

ഹിന്ദു ദേശീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിസന്ധി മാത്രമല്ല ഇന്ത്യയെ സാമ്പത്തിക മുന്നേറ്റത്തില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കൂടുതല്‍ അധികാരം ആഗ്രഹിക്കുന്ന സര്‍ക്കാരുകളില്‍ നിന്നും വിഭിന്നമല്ല നരേന്ദ്ര മോദി സര്‍ക്കാരെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ നടപ്പാക്കുന്ന സാമൂഹിക, രാഷ്ട്രീയ അജണ്ട ഇതിന് തെളിവാണെന്നും ഇന്ത്യ ടുഡെയില്‍ എഴുതിയ ലേഖനത്തില്‍ രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചു.

ദേശീയ, മത നേതാക്കളുടെ കൂറ്റന്‍ പ്രതിമകള്‍ക്ക് പകരം ഇന്ത്യ കൂടുതല്‍ ആധുനിക സ്‌കൂളുകളും, യൂണിവേഴ്‌സിറ്റികളും നിര്‍മ്മിക്കണം, കുട്ടികളുടെ മനസ്സ് തുറക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇതുവഴി മറ്റുള്ളവരുമായി കൂടുതല്‍ സഹിഷ്ണുതയും, ബഹുമാനവും കാണിക്കാനും, നാളത്തെ ആഗോള മത്സരം നിലനില്‍ക്കുന്ന ലോകത്ത് സ്വന്തമായി നിലനില്‍ക്കാനും അവര്‍ക്ക് സാധിക്കും, രാജന്‍ വ്യക്തമാക്കി.

അധികാരത്തില്‍ ഇരിക്കുന്നവര്‍ കൂടുതല്‍ നിയന്ത്രണം നേടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഈ സര്‍ക്കാരും അതില്‍ വ്യത്യസ്തമല്ല. സാമൂഹിക പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് താങ്ങാന്‍ കഴിയില്ല. ഇതിന് പുറമെ ഹിന്ദു ദേശീയത കൂടിയാകുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിയും, ഇത് സാമൂഹിക സംഘര്‍ഷം കൂടുതല്‍ ഗുരുതരമാക്കും, രാജന്‍ കുറിച്ചു.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ വലവീശാന്‍ അനുവദിക്കുന്നത് വഴി ഇത്തരമൊരു സാഹചര്യമാണ് സൃഷ്ടിക്കപ്പെടുകയെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

Top