അനിൽ ആന്റണിക്ക് പകരം ഡോ. സരിൻ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ആകും

തിരുവനന്തപുരം: ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദത്തിൽ നരേന്ദ്രമോദിക്ക് അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവെച്ച അനില്‍ ആന്‍റണിക്ക് പകരക്കാരനായി ഡോ. പി സരിനെ കോൺ​ഗ്രസ് നിയമിച്ചു. അനിൽ ആന്റണി ചുമതല വഹിച്ചിരുന്ന കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ സ്ഥാനമാണ് ഡോ. സരിന് നൽകുന്നത്. കമ്മിറ്റി പുന:സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ, ബിആർഎം ഷെഫീർ, നിഷ സോമൻ, ടിആർ രാജേഷ്, താരാ ടോജോ അലക്സ്, വീണ നായർ എന്നിവരെ അംഗങ്ങളായി സജീവമായി പരിഗണിക്കുന്നുണ്ട്. അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനം വരും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ. ​​ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ബിബിസി രണ്ട് എപ്പിസോഡുകളിലായി പുറത്തിറക്കിയ ഡോക്യുമെന്ററി വലിയ വിവാദത്തിലായിരുന്നു. ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയപ്പോൾ പ്രദർശിപ്പിക്കുമെന്ന് കോൺ​ഗ്രസ് വെല്ലുവിളിച്ച സമയത്താണ് അനിൽ ആന്റണി ബിജെപിക്കും മോദിക്കും അനുകൂലമായ പരാമർശം നടത്തിയത്. തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ പ്രതിഷേധം നേരിട്ടതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു.

Top