വാവേയുടെ 5ജി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് യുകെയില്‍ വിലക്ക്

ടുത്തവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ചൈനീസ് ടെലികോം കമ്പനിയായ വാവേയുടെ 5ജി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തി ബ്രിട്ടന്‍. വാവേ ഉള്‍പ്പടെയുള്ള ചില കമ്പനികളെ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ യു.കെ. ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ രാജ്യത്തെ 5ജി വിന്യാസത്തിന് വാവേയ്ക്ക് യുകെ അനുമതി നല്‍കിയിരുന്നുവെങ്കിലും അമേരിക്ക വാവേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യു.കെയും തീരുമാനത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

ഇതോടെ യു.കെയിലെ 5ജി വിന്യാസത്തിന് വലിയ പങ്കുവഹിച്ച വാവേ ഉള്‍പ്പടെയുള്ള കമ്പനികള്‍ യു.കെയില്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ 2027-ഓടെ പൂര്‍ണമായി ഒഴിവാക്കാനാണ് യു.കെയുടെ പ്ലാന്‍. ഇതിന് കൃത്യമായ സമയ ക്രമവും യു.കെ. സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ വാവേയില്‍നിന്ന് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജൂലായില്‍ യു.കെ. നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതിനകം 5ജി സേവനം നല്‍കുന്നതിനായി വാവെയുടെ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ചിട്ടുള്ള ടെലികോം സേവനദാതാക്കള്‍ക്ക് അവ നീക്കം ചെയ്യാന്‍ ഏഴ് വര്‍ഷമാണ് സമയം നല്‍കുകയായിരുന്നു. ഇതിന് 20 കോടി പൗണ്ട് (1974 കോടിയിലധികം രൂപ) ചെലവ് വരും.

Top