പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; പോസ്റ്റുകള്‍ക്കൊപ്പവും ഇനി മ്യൂസിക് ചേര്‍ക്കാം

ഉപയോക്താക്കള്‍ക്ക് പുതിയഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ക്കൊപ്പം തങ്ങള്‍ക്കിഷ്മുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. മുമ്പ് സ്‌റ്റോറികള്‍ക്കൊപ്പവും, റീലുകള്‍ക്കൊപ്പവും മ്യൂസിക് ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും പോസ്റ്റുകള്‍ക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല.

ഇന്ത്യയിലേയും തുര്‍ക്കിയിലേയും ബ്രസീലിലേയും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളില്‍ ഗാനങ്ങള്‍ ചേര്‍ക്കുന്നത് പോലെ തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടഗാനങ്ങള്‍ ബ്രൗസ് ചെയ്ത ശേഷം അവ പോസ്റ്റിനൊപ്പം ആഡ് ചെയ്യാനാവും. സ്‌റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നതിന് സമാനമായി പോസ്റ്റുകളുടെ മുകളിലും ഇനി ഗാനത്തിന്റെ പേര് കാണാനാവും.

ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകള്‍ ആദ്യമായി അവതരിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ കൂടുതലാണെന്നതാണ് പുതിയ ഫീച്ചറുകള്‍ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

ജൂലൈയില്‍ ഇന്ത്യയിലും ബ്രിട്ടനിലും ‘കൊളാബ്’എന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. മറ്റൊരു അക്കൗണ്ടിനോടൊപ്പം ചേര്‍ന്ന് പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യാനാവുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

Top