നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം; അക്കൗണ്ട് തുടങ്ങാന്‍ പ്രായപരിധി 13 വയസ്സ്

ഭൂരിഭാഗം ആളുകളുടേയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് സോഷ്യല്‍ മീഡിയ. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സോഷ്യല്‍ മീഡിയ നന്നായി കൈകാര്യം ചെയ്യുന്നവരുമാണ്. എന്നാല്‍ യുവതലമുറ മുഴുവന്‍ സമയവും ഇതിനു പുറകെയാണ്. അവയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കന്ന ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇത് ഉപയോഗിച്ചു വരുന്നു. കുട്ടികളുടെ ഇത്തരത്തിലുളള ഇടപെടല്‍ മൂലം പല തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പല അപകടങ്ങളിലും കുട്ടികള്‍ ചെന്നു പെടാറുമുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുടെ അനാവശ്യ അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും,കൗമാരക്കാരായ ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് മുതിര്‍ന്നവരെ തടയാനും പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഉപയോക്താവിന്റെ പ്രായം നിര്‍ണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഉപയോക്താവാകുന്നതിനുളള പ്രായപരിധി പതിമൂന്നു വയസ്സായി നിശ്ചയിക്കാനാണ് പുതിയ നീക്കം. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോള്‍ ചിലര്‍ പ്രായം തെറ്റായി രേഖപ്പെടുത്താറുണ്ട്. എന്നാല്‍ കൃത്യമായ പ്രായം മനസ്സിലാക്കുന്നതും ഓണ്‍ലൈനില്‍ പ്രായം പരിശോധിക്കുന്നതും വളരെ സങ്കീര്‍ണ്ണമാണ്.

ഈ വെല്ലുവിളി മറികടക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം വഴി മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ അനാവശ്യമായുളള സമ്പര്‍ക്കം ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. സംശയാസ്പദമായ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാരെ അറിയിക്കാന്‍ സ്വകാര്യ സന്ദേശങ്ങളയക്കുന്നത് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ പതിനെട്ട് വയസില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്ക് മുതിര്‍ന്നവരുടെ അക്കൗണ്ടുകളില്‍ നിന്ന് അനുചിതമായ സന്ദേശങ്ങളയക്കുന്നത് തടയാനും ഇന്‍സ്റ്റഗ്രാം പുത്തന്‍ ഫീച്ചറുകള്‍ ആവിഷ്‌കരിക്കും.

Top