ദുരിതങ്ങളെയും വെല്ലുവിളികളെയും നേരിട്ട് ഒടുവിൽ ഐ.എ.എസ് നേട്ടം

ഇന്‍ഡോര്‍: ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും ജീവിത ലക്ഷ്യത്തെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കുന്ന ചിലരുണ്ട് നമ്മുക്ക് ചുറ്റും. അവരിലൊരാളാണ് പല്ലവി വര്‍മ്മ എന്ന പെണ്‍കുട്ടി. കഠിനാധ്വാനവും സ്ഥിരോത്സാഹവും ജീവിത വിജയത്തെ സാധ്യമാക്കുമെന്നതിന്റെ  ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥ.

പല്ലവി യുപിഎസ്‌സി പരീക്ഷയില്‍ യോഗ്യത നേടുന്നത് 2020ലാണ്. നീണ്ട ഏഴുവര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും സ്വപ്‌നത്തിന്റെയും ഫലമായിരുന്നു പല്ലവിക്ക് ഐഎഎസ്. 340-ാം റാങ്കോടെയാണ് പല്ലവി സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായി ഐഎഎസ് നേടിയത്.

ഇന്‍ഡോര്‍ സ്വദേശിയായ പല്ലവി സ്‌കൂള്‍ വിദ്യാഭ്യാസവും ബയോടെക്‌നോളജിയില്‍ ബിരുദവും നേടിയത് ഇന്‍ഡോറില്‍ നിന്ന് തന്നെയാണ്. സര്‍വ്വകലാശാലയില്‍ പോകാനും പഠിക്കാനും സാധിച്ച കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടി. ബിരുദം നേടിയ ശേഷം 10-11 മാസം ചെന്നൈയില്‍ സോഫ്റ്റ്വെയര്‍ ടെസ്റ്ററായി ജോലി ചെയ്ത പല്ലവി 2013നു ശേഷം സിവില്‍ സര്‍വീസസ് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി.

2013 മുതല്‍ 2020 വരെ പരീക്ഷയെഴുതി. മൂന്ന് തവണ പ്രിലിമിനറിയില്‍ പരാജയപ്പെട്ടു, മൂന്ന് തവണ ഇന്റര്‍വ്യൂവില്‍ എത്തിയിട്ടും വിജയിച്ചില്ല. എന്നാല്‍ 2020-ലെ ഏഴാമത്തെ ശ്രമത്തില്‍, 340-ാം റാങ്ക് നേടി പല്ലവി തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. ഏഴാം ശ്രമത്തില്‍ യുപിഎസ്സി ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചങ്കിലും ഇത്തവണയും ഭാഗ്യവുമായി പല്ലവിക്ക് പോരാടേണ്ടി വന്നു.

2020 ലെ പരീക്ഷ എഴുതുന്ന സമയത്താണ് അവളുടെ അമ്മ ക്യാന്‍സര്‍ ബാധിക്കുന്നതും കീമോതെറാപ്പിക്ക് വിധേയമാകുന്നതും. ഏതൊരു കുട്ടിക്കും മാതാപിതാക്കളെ ഇത്തരമൊരു അവസ്ഥയില്‍ കാണേണ്ടി വരുന്നത് വളരെ സങ്കടമാണ്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും അമ്മയുടെ പരിചരണവും ഒപ്പം യുപിഎസ്‌സി തയ്യാറെടുപ്പും പല്ലവി മുന്നോട്ടു കൊണ്ടുപോയി.

ആവര്‍ത്തിച്ചുള്ള പരാജയങ്ങളില്‍ മനംമടുത്ത പല്ലവി തോറ്റുകൊടുക്കാന്‍ മനസ്സു കൊണ്ട് തയ്യാറെടുപ്പ് നടത്തിയെങ്കിലും പ്രോത്സാഹനം നല്‍കി, പ്രചോദനമായി കൂടെ നിന്നത് അവളുടെ മാതാപിതാക്കളായിരുന്നു. ബന്ധുക്കളുടെ പരിഹാസത്തിന് മുന്നിലും പല്ലവി സമചിത്തതയോടെ നിന്നു. 2013ല്‍ പരീക്ഷയുടെ പാറ്റേണ്‍ അറിയാതെ മുന്നൊരുക്കങ്ങളിലേക്ക് കടന്നതായിരുന്നു പല്ലവിയുടെ പരാജയത്തിന് കാരണം.

ഏഴാമത്തെ ശ്രമത്തില്‍, അതായത്, 2020ല്‍, അവള്‍ അവളുടെ ബലഹീനതകള്‍ തിരുത്തി, തയ്യാറെടുപ്പിന്റെ രീതികള്‍ മാറ്റി. ടൈംടേബിള്‍ ഉണ്ടാക്കി ലൈബ്രറിയില്‍ പോയി തയ്യാറെടുപ്പ് തുടങ്ങി. ഈ മാറ്റങ്ങളും കഠിനാധ്വാനവും ഒടുവില്‍ അവളെ വിജയിപ്പിക്കുകയും ഒരു ഐഎഎസ് ഓഫീസറാകാനുള്ള അവളുടെ സ്വപ്നം നിറവേറ്റുകയും ചെയ്തു.

 

Top