സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം: ജിഎസ്ടി നയം ഹോട്ടലുകളെയും ഭക്ഷണത്തെയും ബാധിച്ചപ്പോള്‍ ഇതിനെതിരെ ഹോട്ടലുടമകള്‍ പ്രതിഷേധിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരമാണ് നികുതി അഞ്ചു ശതമാനമായി കുറച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണവില അഞ്ചു ശതമാനമായി കുറക്കുന്നുണ്ട് എന്നുറപ്പു വരുത്തുന്നതിനായി ബൂധനാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ പരിശോധന ആരംഭിക്കാന്‍ ജിഎസ്ടി വകുപ്പിന്റെ പുതിയ തീരുമാനം.

ജിഎസ്ടി നയം വന്നതിനു ശേഷമുള്ള വില വ്യത്യാസം തിരിച്ചറിയാനും കൊള്ളവില ഈടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനുമാണ് പുതിയ തീരുമാനം.

ഇതില്‍ ജിഎസ്ടിക്കു ശേഷമുള്ള വില വ്യക്തമാക്കുന്ന ബില്ലുതള്‍ അടിസ്ഥാനമാക്കിയായിരിക്കും പരിശോധന നടത്തുകയെന്നും നികുതി വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ 4,000 ഹോട്ടലുകളിലെ ഭക്ഷണ വില കഴിഞ്ഞ മാസം നികുതി ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ ബില്ലുകള്‍ സഹിതം ശേഖരിച്ചിരുന്നു.

ശേഖരിച്ച ബില്ലുകളില്‍ ഭക്ഷണ വില എത്രയെന്നും നികുതി എത്രയെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഭക്ഷണത്തിന്റെ അടിസ്ഥാന വില നിലനിര്‍ത്തുകയും നികുതി അഞ്ചു ശതമാനമായി കുറയ്ക്കുകയുമാണ് റസ്റ്ററന്റുകള്‍ ചെയ്യേണ്ടത്.

എസി റസ്റ്ററന്റുകള്‍ 18 ശതമാനവും എസിയില്ലാത്തവ 12 ശതമാനവും നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

നികുതി ഉദ്യോഗസ്ഥരുടെ പക്കല്‍ ഇപ്പോഴുളള ബില്ലുകളിലെ അടിസ്ഥാന വിലയാണോ ബുധനാഴ്ച മുതല്‍ ഈടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുക.

വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി സ്വീകരിക്കാനാണു തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരം ഇരുന്നൂറിലേറെ ഉല്‍പന്നങ്ങളുടെ വില കുറച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം ഉടന്‍ പ്രസിദ്ധീകരിക്കും.

Top