മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന;തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന;തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

മൂന്നാര്‍: മൂന്നാറിലെ വിവിധ ജലാശയങ്ങളില്‍ സവാരി നടത്തുന്ന ബോട്ടുകളില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റി സവാരി നടത്തിയ ബോട്ടിന് 15000 രൂപ പിഴ ചുമത്തി. തുറമുഖ വകുപ്പിനു കീഴിലുള്ള കൊടുങ്ങല്ലൂര്‍ പോര്‍ട്ടില്‍ നിന്നുള്ള സര്‍വേയര്‍ ഓഫ് പോര്‍ട്ട് ജോഫിന്‍ ലൂക്കോസ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എസ് കിരണ്‍, ഉദ്യോഗസ്ഥനായ കെ ജെ പ്രിന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.

ഹൈഡല്‍, ഡിടിപിസി എന്നിവയുടെ ചില ബോട്ടുകളില്‍ സുരക്ഷാ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തുറമുഖ വകുപ്പ് സവാരി നടത്തുന്ന എല്ലാ ബോട്ടുകളിലും നടത്തുന്ന വാര്‍ഷിക പരിശോധനകളുടെ ഭാഗമായാണ് ഇന്നലെ മൂന്നാറിലും പരിശോധന നടത്തിയത്.

മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ് എന്നിവിടങ്ങളിലെ ജലാശയങ്ങളില്‍ വിനോദ സഞ്ചാരികളുമായി സവാരി നടത്തുന്ന ഡിടിപിസി, ഹൈഡല്‍, സ്വകാര്യ ബോട്ടുകളിലാണ് പരിശോധന നടത്തിയത്. മാട്ടുപ്പെട്ടിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഹൈഡല്‍ ടൂറിസം നടത്തുന്ന 73 പേര്‍ക്ക് കയറാവുന്ന ഫാമിലി ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് തീ പിടിത്തമുണ്ടാകുമ്പോള്‍ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ സംവിധാനമായ അഗ്‌നിശമന ഉപകരണത്തിന്റെ കുറവ് കണ്ടെത്തിയത്. ഇതിന് 15000 രൂപ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. കൂടാതെ ഇരുനിലകളിലുള്ള ബോട്ടില്‍ ഓരോ നിലയിലും കയറ്റാവുന്നവരുടെ എണ്ണം സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.

 

Top