inspection In States’S ATM

തിരുവനന്തപുരം: എസ്.ബി.ടിയുടെ സംസ്ഥാനത്തെ എല്ലാ എ.ടി.എമ്മുകളിലും ബാങ്ക് അധികൃതര്‍ പരിശോധന നടത്തുന്നു.

തിരുവനന്തപുരത്ത് നടന്ന ഹൈടെക്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. തട്ടിപ്പിന് സഹായിക്കുന്ന യന്ത്രം സ്ഥാപിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് പരിശോധന നടത്തുന്നതെന്ന് എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് ഇന്നലെത്തന്നെ ബാങ്ക് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം ആല്‍ത്തറയിലുള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ മാത്രമാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്.ബി.ടിക്ക് ഇതുവരെ ലഭിച്ച വിവരം. ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കുവാന്‍ തീരുമാനിച്ചതായും എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്‍ പറഞ്ഞു.

കേരളത്തില്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ കുറവാണെന്നാണ് ബാങ്ക് വിലയിരുത്തുന്നത്. ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം മുഴുവന്‍ പരിശോധന നടത്തുന്നത്.

12 പേരില്‍ നിന്ന് മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ രൂപ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ബാങ്ക് വിലയിരുത്തുന്നത്. മറ്റ് ബാങ്കുകളും ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പോലീസും ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്.

Top