ഇൻസാറ്റ്-3ഡിഎസ് ഫെബ്രുവരി 17-ന് കുതിക്കും; വിക്ഷേപണം ജിഎസ്എൽവി റോക്കറ്റിൽ

ഫെബ്രുവരി 17-ന് ജിഎസ്എൽവിയിൽ ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുമെന്നറിയിച്ച് ഐഎസ്ആർഒ. നിലവിൽ ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നതിലുള്ള തയാറെടുപ്പിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററാകും ദൗത്യത്തിന് സാക്ഷ്യം വഹിക്കുക. ഉപഗ്രഹം ഏകദേശം 35,786 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ജിഎസ്എൽവിയുടെ എഫ് 14 റോക്കറ്റിലാകും വിക്ഷേപിക്കുക. നിലവിൽ ഇൻസാറ്റ്-3ഡി, 3ഡിആർ എന്നീ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്. ഇവയുടെ പ്രവർത്തനം നിലനിർത്തിക്കൊണ്ട് നിലവിലുള്ള ഇൻസാറ്റ് സിസ്റ്റത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, കാലാവസ്ഥയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ എന്നിങ്ങനെയുള്ള വിവരശേഖരണമാണ് ഉപഗ്രഹം ലക്ഷ്യം വയ്‌ക്കുന്നത്.

വിക്ഷേപണത്തോടനുബന്ധിച്ച് റോക്കറ്റുമായി സംയോജിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചിരുന്നു. ആറ് ചാനൽ ഇമേജറും ഇൻഫ്രാറെഡ് സൗണ്ടറും തുടങ്ങിയ നൂതന കാലാവസ്ഥാ ഉപകരണങ്ങൾ പേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചുഴലിക്കാറ്റ്, പ്രകൃതിദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നതിനും ഉപകാരപ്രദമാകും എന്നാണ് വിലയിരുത്തൽ.

Top