ഐ എന്‍ എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം

കൊച്ചി: കൊച്ചിന്‍ ഷിപ്പയാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഐഎന്‍എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാര്‍ഡിന്റെ ഡോക്കില്‍ നിന്നുമാണ് അറബിക്കടലിലേക്ക് യുദ്ധക്കപ്പല്‍ പരീക്ഷണയോട്ടത്തിനായി പോയത്. യുദ്ധക്കപ്പലിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചി ഷിപ് യാര്‍ഡിന്റെയും നാവികസേനയുടെയും മേല്‍നോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങള്‍ ഉള്‍ക്കടലില്‍ നടന്നു. പ്രൊപ്പല്‍ഷന്‍ സംവിധാനം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കി.

കപ്പലിലെ നാവിഗേഷന്‍, കമ്യൂണിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂര്‍ത്തിയാക്കി. ഹളളിലെ ഉപകരണങ്ങളുടെ പരിശോധനയും വിജയകരമായിരുന്നു. പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ തീരത്തേക്ക് തിരിച്ചെത്തുമെന്ന് നാവികസേന അറിയിച്ചു.

ട്രയല്‍ പൂര്‍ത്തിയായ ശേഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്നും നാവികസേന യുദ്ധക്കപ്പല്‍ പൂര്‍ണമായും ഏറ്റെടുക്കും. തുടര്‍ന്നാവും ആയുധങ്ങള്‍ ഘടിപ്പിച്ചുള്ള പരീക്ഷണം. അടുത്ത വര്‍ഷത്തോടെ കപ്പല്‍ കമ്മീഷന്‍ ചെയ്യാനാവും എന്ന പ്രതീക്ഷയിലാണ് നാവികസേന. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്.

 

 

Top