ഐ.എന്‍.എസ് വിക്രാന്തിലെ മോഷണം; കണ്ടെത്താനുള്ളത് ഒരു മൈക്രോ പ്രൊസസര്‍ മാത്രം

കൊച്ചി:നാവികസേന കപ്പലായ ഐ.എന്‍എസ് വിക്രാന്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരു മൈക്രോ പ്രൊസസര്‍ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് എന്‍ഐഎ സംഘം. ഇന്ന് എറണാകുളത്തെ എന്‍ഐഎ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൈക്രോ പ്രൊസസര്‍ കണ്ടെത്തേണ്ട സാഹചര്യത്തില്‍ പ്രതികളെ ഏഴ് ദിവസം കൂടി എന്‍ഐഎ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കുകയാണെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.

ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതില്‍ 19 എണ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇനി കിട്ടാനുള്ള മൈക്രോ പ്രൊസസര്‍, മോഷ്ടാക്കള്‍ ഒഎല്‍എക്സ് വഴി വില്‍പ്പന നടത്തിയതായും എന്‍ഐഎ കണ്ടെത്തി. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. 2019 സെപ്റ്റംബര്‍ 14 നാണു കപ്പല്‍ശാല അധികൃതര്‍ പരാതി നല്‍കിയത്.നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് എന്‍ഐഎ എത്തിയത്.

Top