ഇന്‍പുട്ട് ചെലവ് വര്‍ദ്ധനവ്; വിവിധ മോഡലുകള്‍ക്ക് വിലകൂട്ടി ഹോണ്ട

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു. ഹോണ്ട ജാസ്, WR-V, അമേസ്, അഞ്ചാം തലമുറ സിറ്റി എന്നിവയ്ക്ക് വിലവര്‍ധനവ് ബാധകമാണ്. 20,000 രൂപയുടെ പരമാവധി വില വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. ഇത് മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. രാജ്യത്ത് കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് വിലവര്‍ധനവിന് കാരണം.

ഓട്ടോമോട്ടീവ് നിര്‍മ്മാണ പ്രക്രിയയിലെ ഒരു പ്രധാന ഘടകമായ സ്റ്റീലന് കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വില ഗണ്യമായി വര്‍ധിച്ചു. ആഭ്യന്തര ഡിമാന്‍ഡും ഇരുമ്പയിര് വിലയും, അന്താരാഷ്ട്ര വിലയും ഉയര്‍ന്ന ഉല്‍പാദനവും പരിമിതമായ ഇറക്കുമതിയും ഇതിന് കാരണമാണ്. കൂടാതെ, കൊവിഡ്-19 മൂലം സെമികണ്ടക്ടറുകളുടെ സപ്ലൈയിലും ഗണ്യമായ കുറവുണ്ട്. വാഹനങ്ങളുടെ ഉല്‍പാദനത്തില്‍ ആവശ്യമായ ചിപ്പുകളുടെ വില വര്‍ധിക്കാന്‍ ഇത് കാരണമായി. മോഡല്‍ ശ്രേണിയില്‍ തന്നെ വിലവര്‍ധനവ് പ്രഖ്യാപിക്കാന്‍ വാഹന നിര്‍മാതാക്കളെ സ്വാധീനിച്ചേക്കാവുന്ന ചില ഘടകങ്ങളാണിവ.

പ്രീമിയം ഹാച്ച്ബാക്കായ ഹോണ്ട ജാസിന്റെ എല്ലാ വകഭേദങ്ങള്‍ക്കും 5,000 രൂപ വിലവര്‍ധനവ് ലഭിച്ചു. വിലവര്‍ധനവിന് ശേഷം പ്രീമിയം ഹാച്ച്ബാക്കിന് ഇപ്പോള്‍ 7.55 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. അമേസ് പെട്രോള്‍ വേരിയന്റുകള്‍ ഇപ്പോള്‍ 6.22 ലക്ഷം മുതല്‍ 8.84 ലക്ഷം രൂപ വരെയും, ഡീസല്‍ വേരിയന്റുകള്‍ക്ക് 7.68 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറൂം വില.

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മോഡലായ അഞ്ചാം-തലമുറ ഹോണ്ട സിറ്റിക്കും വില പരിഷ്‌കരണം ഉണ്ടായിട്ടുണ്ട. സെഡാന്റെ എന്‍ട്രി ലെവല്‍, മിഡ്-സ്‌പെക്ക് ട്രിമ്മുകള്‍ക്ക് 10,000 രൂപ വില ഉയര്‍ന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലെയും ടോപ്പ്-സ്‌പെക്ക് ZX ട്രിമ്മുകള്‍ക്ക് 20,000 രൂപ വിലവര്‍ധനവുണ്ടായി. അഞ്ചാം തലമുറ ഹോണ്ട സിറ്റി പെട്രോള്‍ നിലവില്‍ 10.99 ലക്ഷം മുതല്‍ 14.64 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. മൂന്ന് ട്രിമ്മുകളില്‍ മാത്രമാണ് ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ 12.49 ലക്ഷം മുതല്‍ 14.84 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

 

 

 

 

Top