അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

തൃശൂർ: അന്തരിച്ച സിനിമാ താരവും മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ പതിനായിരങ്ങളാണ് പൊതുദർശനത്തിന് വെച്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ ആർ.ബിന്ദു, കെ രാധാകൃഷ്ണൻ, എംബി രാജേഷ് തുടങ്ങിയവർ എല്ലാം ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ പ്രവർത്തകരും ആരാധകരും രാത്രി വൈകിയും എത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാൻ മോഹൻലാൽ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചത്. രാജസ്ഥാനിൽ ഷൂട്ടിങ്ങിലായിരുന്ന മോഹൻലാൽ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, സിദ്ധിഖ് തുടങ്ങി നിരവധി പ്രമുഖർ കൊച്ചി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലെത്തി പ്രിയ സഹപ്രവർത്തകന് അന്തിമോപചാരം അർപ്പിച്ചിരുന്നു. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അമേരിക്കൻ യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റ് അസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു.

Top