ചാലക്കുടിയില്‍ ഇന്നസെന്റിനെ ഇറക്കി പയറ്റാന്‍ സി.പി.എം ; വടകരയില്‍ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും.

പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ചാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തിയത്. കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്, കോഴിക്കോട് എ. പ്രദീപ്കുമാര്‍ എംഎല്‍എ, വടകരയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവര്‍ക്കാണ് പട്ടികയില്‍ മുന്‍തൂക്കം. ആലപ്പുഴയില്‍ എ.എം.ആരിഫ് എംഎല്‍എ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും.

കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം.

ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍ സീറ്റുറപ്പിച്ചുകഴിഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പട്ടിക ബുധനാഴ്ച ലോക്‌സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

അതേസമയം അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്ന് പറഞ്ഞിരുന്നു. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. എന്നാൽ പാർട്ടി തീരുമാനങ്ങൾക്ക് വിധേയമാകുമെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തിരുന്നു.

Top